
ഗോൾ നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡ് മറികടന്ന് ലയണൽ മെസ്സി. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡാണ് റൊണാൾഡോയെ മറികടന്ന് മെസ്സി സ്വന്തമാക്കിയത്. ഫ്രഞ്ച് ലീഗ് വണ്ണിൽ മോണ്ട്പെല്ലിയറിനെതിരെ നേടിയ ഗോളിലൂടെയാണ് മെസ്സി ഈ അപൂർവ നേട്ടത്തിലെത്തിയത്.

ഇതോടെ ടോപ് ഫൈവ് ലീഗുകളിലെ ടീമിനായി മെസ്സിയുടെ ഗോൾ നേട്ടം 697 ആയി. അതേസമയം റൊണാൾഡോയുടെ പേരിലുള്ളത് 696 ഗോളുകൾ ആണ്. റൊണാൾഡോയേക്കാൾ 84 മത്സരങ്ങൾ കുറവാണ് മെസ്സി കളിച്ചത്. ക്രിസ്റ്റ്യാനോയുടെ പേരിൽ മൊത്തം 701 ക്ലബ് ഗോളുകളാണുള്ളത്. താരത്തിനൊപ്പമെത്താൻ മെസ്സിക്ക് നാലു ഗോളുകൾ കൂടി മതി.
സൗദി പ്രോ ലീഗിൽ അൽ നസ്റിനു വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോക്ക് ഇതുവരെ ഗോൾ നേടാനായിട്ടില്ല. മത്സരത്തിൽ മോണ്ട്പെല്ലിയറിനെ 3-1നാണ് പി.എസ്.ജി പരാജയപ്പെടുത്തിയത്. കിലിയൻ എംബാപ്പെ രണ്ട് തവണ പെനാൽറ്റി നഷ്ടമാക്കുകയും പരിക്കേറ്റ് മടങ്ങുകയും ചെയ്ത മത്സരത്തിൽ 72ാം മിനിറ്റിലാണ് മെസ്സി ഗോൾ നേടിയത്.
