
കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി മാടായിയിൽ വൻ മയക്കുമരുന്ന് ശേഖരം എക്‌സൈസ് പിടികൂടി. പഴയങ്ങാടി ബീവി റോഡിന് സമീപത്തെ എസ്പി ജംഷിദ് എന്നയാളുടെ വീട്ടിൽ നിന്നാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. വിപണിയിൽ ലക്ഷങ്ങൾ മൂല്യമുള്ളതും 10 മുതൽ 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്നതുമായ അതിമാരക മയക്കുമരുന്നുകളാണ് കണ്ടെത്തിയത്.

45.39 ഗ്രാം എം.ഡി.എം.എ (മെതലിൻ ഡയോക്‌സി മെത്ത് ആംഫിറ്റാമിൻ ) 42.28 ഗ്രാം ചരസ്സ്, 20 ഗ്രാം കഞ്ചാവ്,10.55 ഗ്രാം കൊക്കൈൻ എന്ന് സംശയിക്കുന്ന മാരക മയക്കുമരുന്ന് എന്നിവയാണ് പിടികൂടിയത്.
തളിപ്പറമ്പ്, മാടായി, പഴയങ്ങാടി, മാട്ടൂൽ, മുട്ടം എന്നിവിടങ്ങളിലേക്ക് മൊത്തമായി മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ് പ്രതി. മയക്കുമരുന്ന് ബാംഗ്ലൂർ മംഗലാപുരം എന്നിവിടങ്ങളിൽ നിന്നും ഇവിടെ എത്തിച്ച് ചെറുകിട മയക്കുമരുന്ന് വിൽപനക്കാർ വഴി ഉപഭോക്താക്കളിൽ എത്തിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്.
