സർക്കാർ ഭൂമി കയ്യേറി വാണിജ്യ കെട്ടിട നിർമ്മാണം; വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി, നിർമ്മാണം കൈവശാവകാശ സർട്ടിഫിക്കറ്റിൻ്റെ ബലത്തിൽ, പഞ്ചായത്തിനും വീഴ്‌ചയെന്ന് വിജിലൻസ് കണ്ടെത്തൽ

You are currently viewing സർക്കാർ ഭൂമി കയ്യേറി വാണിജ്യ കെട്ടിട നിർമ്മാണം; വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി, നിർമ്മാണം കൈവശാവകാശ സർട്ടിഫിക്കറ്റിൻ്റെ ബലത്തിൽ, പഞ്ചായത്തിനും വീഴ്‌ചയെന്ന് വിജിലൻസ് കണ്ടെത്തൽ

വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX

പീതാംബരൻ കുറ്റിക്കോൽ

പുത്തിഗെ / കാസർകോട്: റവന്യൂ ഭൂമി കയ്യേറി വാണിജ്യ കെട്ടിടം നിർമ്മിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസ് ഡയരക്ടർക്ക് റിപ്പോർട്ട് നൽകി. കഴിഞ്ഞദിവസം വിജിലൻസ് ഡിവൈ.എസ്.പിയും സംഘവും നടത്തിയ മിന്നൽ പരിശോധനയിൽ സ്വകാര്യ വ്യക്തി ഭൂമി കയ്യേറി വാണിജ്യ കെട്ടിടം നിർമ്മിച്ചതായി കണ്ടെത്തിയിരുന്നു. പുത്തിഗെ പഞ്ചായത്തിലെ മുഗു വില്ലേജിലെ പള്ളം പ്രദേശത്ത് റിസർവ്വേ നമ്പർ 170 / 2 A 5ൽ ഉൾപ്പെടുന്ന ഭൂമി കയ്യേറി കെട്ടിടം നിർമ്മിച്ചതായാണ് വിജിലൻസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.

പുത്തിഗെ പഞ്ചായത്ത് ഉദ്യോഗസ്ഥർ ഈ അനധികൃത കെട്ടിടത്തിന് നമ്പർ നൽകിയതിലും ഗുരുതരവീഴ്‌ച സംഭവിച്ചതായാണ് കണ്ടെത്തൽ. ഏര്യപാടിയിലെ അബ്ദുൾ റഹ്മാൻ എന്നയാളാണ് തൻ്റെ ഭൂസ്വത്തിനോട് ചേർന്നുള്ള സർക്കാർ ഭൂമി കയ്യേറി കെട്ടിടം നിർമ്മിച്ചത്. സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് കാസർകോട് വിജിലൻസ് ആന്റ് ആന്റി കറപ്‌ഷൻ ബ്യുറോ വിജിലൻസ് ഡയറക്ടറോട് അനുമതി തേടിയത്.

റവന്യൂ ഭൂമിക്കും ഏര്യപാടിയിലെ അബ്ദുൾ റഹ്മാൻ്റെ ഭൂമിക്കും ഇടയിലൂടെ ഏൽക്കാന, പജിയാന പൊതുമരാമത്ത് റോഡ് പോകുന്നുണ്ട്. അതിനാൽ കയ്യേറ്റം മന:പൂർവമാണെന്ന കാര്യം വ്യക്തമാണ്. വില്ലേജ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നേടിയ കൈവശാവകാശ സർട്ടിഫിക്കറ്റിൻ്റെ ബലത്തിലാണ് പഞ്ചായത്തിൽ നിർമ്മാണ അനുമതിക്ക് അബ്ദുൾ റഹ്മാൻ അപേക്ഷ നൽകിയത്. പഞ്ചായത്ത് ഉദ്യോഗസ്ഥർ യാതൊരു പരിശോധനയും നടത്താതെയാണ് നിർമ്മാണ അനുമതിയും ശേഷം നമ്പറും നൽകിയതെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

വില്ലേജ് ഉദ്യോഗസ്ഥരെയും പഞ്ചായത്ത് ഉദ്യോഗസ്ഥരെയും സ്വാധീനിച്ചും കൈക്കൂലി നൽകിയുമാണ് റവന്യൂ ഭൂമി കയ്യേറി കെട്ടിടം നിർമ്മിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പി.ഡബ്ല്യൂ അസി. എഞ്ചിനിയർ അനസ് അഷറഫ്, അസി. സബ് ഇൻസ്പെക്ടർ മധുസൂദനൻ വി.എം, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.കെ രഞ്ജിത് കുമാർ സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ് കുമാർ.കെ, രതീഷ് എ.വി എന്നിവരുമുണ്ടായിരുന്നു.

0Shares