പുള്ളിപ്പുലിയെ മയക്കുവെടി വയ്ക്കാന്‍ വനിതാ ഡോക്ടര്‍; കിണറ്റിലിറങ്ങിയത് സാഹസികമായി

You are currently viewing പുള്ളിപ്പുലിയെ മയക്കുവെടി വയ്ക്കാന്‍ വനിതാ ഡോക്ടര്‍; കിണറ്റിലിറങ്ങിയത് സാഹസികമായി

മംഗളൂരു: ദക്ഷിണകന്നഡ ജില്ലയിലെ നിഡോടിയില്‍ കിണറ്റില്‍ വീണ പുള്ളിപ്പുലിയെ വെടിവയ്ക്കാന്‍ അതിസാഹസികമായി കൂട്ടില്‍ കയറി കിണറ്റിലിറങ്ങി വനിതാ ഡോക്ടര്‍. മംഗളൂരു സ്വദേശിനിയായ ഡോ. മേഘ്‌ന പെമ്മയ്യയാണ് അധികമാരും ഒരുമ്പെടാത്ത രീതിയിലുള്ള സാഹസത്തിലൂടെ പുലിയെ മയക്കുവെടിവച്ചു പിടികൂടിയത്.

നിഡോടിയിലെ ഒരു വീട്ടുപറഎംബില്‍ 25 അടി താഴ്‌ചയുള്ള കിണറ്റിലാണ് പുള്ളിപ്പുലി വീണത്. കാലപ്പഴക്കമുള്ള കിണറിന്‍റെ വശങ്ങളിടിഞ്ഞ് രൂപപ്പെട്ട ചെറിയ ഗുഹയില്‍ കയറിയിരുന്ന പുലിയെ മുകളില്‍ നിന്നു വലയിട്ടോ മയക്കുവെടിവച്ചോ പിടികൂടാനാകാത്ത നിലയായിരുന്നു. ഇതേ തുടര്‍ന്നാണ് വന്യജീവികളെ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യമുള്ള സന്നദ്ധസംഘടനാ പ്രവര്‍ത്തകരായ ഡോ. മേഘ്‌നയും ഭര്‍ത്താവ് ഡോ. യശസ്വി നരാവിയും ഞായറാഴ്‌ച രാവിലെയോടെ സ്ഥലത്തെത്തിയത്.

പുലിയെ കയറ്റാനായി ഒരുക്കി വച്ചിരുന്ന ഇരുമ്പ് കൂട്ടില്‍ ഡോ. മേഘ്‌ന മയക്കുവെടി നിറച്ച തോക്കുമായി കയറിയിരുന്ന ശേഷം കൂട് അടച്ച്‌ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹായത്തോടെ സാവധാനം കിണറ്റിലേക്ക് കെട്ടിത്താഴ്ത്തുകയായിരുന്നു. പുലിയുമായി നേര്‍ക്കുനേരെ വന്ന നിമിഷത്തില്‍ തന്നെ മയക്കുവെടി വയ്ക്കാനായി.

കൂട് അടച്ചിരുന്നതിനാല്‍ പുലിക്ക് തിരിച്ച്‌ ആക്രമിക്കാനുമായില്ല. 15 മിനിറ്റിനകം പുലി മയക്കത്തിലായി. തുടര്‍ന്ന് കൂട് തുറന്ന് പുറത്തിറങ്ങിയ ഡോ.മേഘ്‌ന അതിനകം കിണറ്റിലിറങ്ങിയ നാട്ടുകാരായ യുവാക്കളുടെ സഹായത്തോടെ പുലിയെ കയറുകെട്ടി വലിച്ച്‌ കൂട്ടില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് മയങ്ങിക്കിടക്കുന്ന പുലിക്കൊപ്പം അതേ കൂട്ടിലിരുന്ന് തന്നെ ഡോ.മേഘ്‌നയെയും മുകളിലേക്ക് വലിച്ചുകയറ്റി. ഏകദേശം ഒരു വയസ് തോന്നിക്കുന്ന പെണ്‍പുലിയെ പിന്നീട് വനംവകുപ്പിന്‍റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

0Shares