Categories
news

കൊറോണയോ? അതൊക്കെ വെറും ‘ചെറിയ പനി’; വിവിധ നഗരങ്ങളിലെ അടച്ചുപൂട്ടല്‍ പിന്‍വലിക്കാന്‍ മേയര്‍മാരോടും, സ്‌റ്റേറ്റ് ഗവര്‍ണര്‍മാരോടും ആവശ്യപ്പെട്ട് ബ്രസീല്‍ പ്രസിഡന്റ്

ഒരു മുന്‍കാല അത്‌ലറ്റ് കൂടിയായ തനിക്ക് വൈറസ് പിടിപെട്ടാല്‍ യാതൊരു ഭയവും കൂടാതെ ഒരു പനി വന്നുപോകുന്നത് പോലെ നേരിടുമെന്നാണ് ബൊല്‍സൊനാരോ വാദിക്കുന്നത്.

ലോകരാജ്യങ്ങള്‍ കൊറോണക്കെതിരെ സ്വീകരിക്കുന്ന പ്രതൊരോധ നടപടികള്‍ ഒന്നും ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയുടെ കണ്ണില്‍ പെട്ടിട്ടില്ല. ബ്രസീലിലെ ഏറ്റവും വലിയ നഗരം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കുമ്പോഴും വൈറസിനെ അത്രയ്‌ക്കൊന്നും പേടിക്കേണ്ടെന്ന നിലപാടിലാണ് പ്രസിഡന്റ്. റയോ ഡി ജനീറോ, സാവോ പോളോ തുടങ്ങിയ നഗരങ്ങളെ നിശ്ചലമാക്കിയ അടച്ചുപൂട്ടല്‍ പിന്‍വലിക്കണമെന്നാണ് മേയര്‍മാരോടും, സ്‌റ്റേറ്റ് ഗവര്‍ണര്‍മാരോടും ബൊല്‍സൊനാരോ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തണമെന്നും പ്രസിഡന്റ് വാദിച്ചു. എല്ലാം ചുട്ടെരിയ്ക്കുന്ന തരത്തിലുള്ള ചില സ്റ്റേറ്റുകളുടെയും, നഗര അധികൃതരുടെയും നടപടികള്‍ പിന്‍വലിക്കണമെന്നും ബൊല്‍സൊനാരോ ആവശ്യപ്പെട്ടു. വൈറസ് വെറും സാങ്കല്‍പ്പികമാണെന്ന തരത്തിലുള്ള പ്രസിഡന്റിന്‍റെ നിലപാട് വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.

ആഗോള തലത്തില്‍ 3 ലക്ഷത്തോളം പേരെ ബാധിക്കുകയും, പതിനായിരങ്ങള്‍ മരിക്കുകയും ചെയ്തിട്ടും ഇത് ‘ചെറിയ പനി’ മാത്രമാണെന്നാണ് ബൊല്‍സൊനാരോ വാദിക്കുന്നത്. അതേസമയം പ്രസിഡന്റിന്‍റെ അഭിസംബോധനയ്ക്ക് എതിരെ പ്രതിഷേധം അറിയിക്കാന്‍ പാത്രങ്ങള്‍ അടിച്ചും, ബെല്‍ മുഴക്കിയും വിവിധ സ്ഥലങ്ങള്‍ മുന്നിട്ടിറങ്ങി.

ഇറ്റലിയിലെ ദുരന്തം യുവജനസംഖ്യയും, ചൂടേറിയ കാലാവസ്ഥയുമുള്ള ബ്രസീലില്‍ ആവര്‍ത്തിക്കില്ലെന്നാണ് പ്രസിഡന്റ് പറയുന്നത്. ഒരു മുന്‍കാല അത്‌ലറ്റ് കൂടിയായ തനിക്ക് വൈറസ് പിടിപെട്ടാല്‍ യാതൊരു ഭയവും കൂടാതെ ഒരു പനി വന്നുപോകുന്നത് പോലെ നേരിടുമെന്നാണ് ബൊല്‍സൊനാരോ വാദിക്കുന്നത്. 46 പേരാണ് ബ്രസീലില്‍ വൈറസ് ബാധിച്ച് മരിച്ചത്. 2201 പേര്‍ക്കാണ് വൈറസ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *