
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആരോപണങ്ങളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് രാവിലെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉച്ചയ്ക്ക് ശേഷം ഏറ്റുപറയുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നത്. ചെന്നിത്തലയും ബി.ജെ.പിയും തമ്മിലുള്ള ഒളിച്ചുകളിക്ക് വെള്ളപൂശാനാണ് ഉമ്മന്‍ചാണ്ടി രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പിയും തമ്മിലുള്ള ഒളിച്ചുകളിക്ക് വെള്ളപൂശാനാണ് ഉമ്മൻചാണ്ടി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് രാവിലെ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉച്ചയ്ക്ക് ശേഷം ഏറ്റുപറയുകയാണ് പ്രതിപക്ഷനേതാവ് ചെയ്യുന്നത്. സ്വർണ്ണകള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചുവെന്ന ആരോപണം കെ. സുരേന്ദ്രൻ ഉന്നയിച്ചു. ഉടനെ ചെന്നിത്തല അത് ഏറ്റെടുത്തു. ഇതിലെന്തെങ്കിലും വസ്തുത ഉണ്ടോയെന്ന് പരിശോധിച്ചു കൊണ്ടല്ല ഈ ആരോപണം ഏറ്റെടുത്തത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് വിശദീകരിച്ചിട്ടും ഈ നുണ ആവർത്തിക്കാനാണ് പ്രതിപക്ഷ നേതാവ് തയ്യാറായത്. പ്രതിപക്ഷ നേതാവും ബി.ജെ.പി പ്രസിഡന്റും നുണകൾ ഒരേ സമയം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.
കോൺഗ്രസ്സും ബി.ജെ.പിയും തമ്മിൽ എൽ.ഡി.എഫ് സർക്കാരിനെ താഴെ ഇറക്കാൻ കൈകോർത്ത് പ്രവർത്തിച്ച അനുഭവം മുൻപും ഉണ്ടായിട്ടുണ്ട്. 1991 ലെ തെരഞ്ഞെടുപ്പിൽ എൽ. ഡി. എഫ് വീണ്ടും അധികാരത്തിലെത്തുന്നത് തടയാനാണ് കോൺഗ്രസ്-ബി.ജെ.പി- മുസ്‌ലിം ലീഗ് സംഖ്യം ഉണ്ടാക്കിയത്. വടകര പാർലമെന്റ് മണ്ഡലത്തിലും ബേപ്പൂർ അസംബ്ലി മണ്ഡലത്തിലും പരസ്യമായ സഖ്യം ഉണ്ടാക്കി പ്രവർത്തിച്ച കാര്യം ഉമ്മൻചാണ്ടി മറന്നുപോയോ?
കോൺഗ്രസ് നേതാക്കളുടെ മതനിരപേക്ഷ നിലപാടിന് എ.കെ.ജി സെന്ററിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല എന്നു പറയുന്ന ഉമ്മൻചാണ്ടിക്ക് ഇന്നത്തെ ബി.ജെ.പി എം.പി മാരിൽ നൂറിലധികം പേർ മുൻ കോൺഗ്രസ് നേതാക്കളാണെന്ന കാര്യം അിറിയാത്തതാണോ? ജ്യോതിരാദിത്യ സിന്ധ്യ മതനിരപേക്ഷ നിലപാടുള്ള ആളായിരുന്നില്ലേ? സച്ചിൻ പൈലറ്റ് ബി.ജെ.പിയിലാണോ കോൺഗ്രസ്സിലാണോ എന്നു പറയാൻ എ.ഐ.സി.സി സെക്രട്ടറിയായ ഉമ്മൻചാണ്ടിക്ക് കഴിയുമോ?
ഇ.എം.എസ് സർക്കാരിനെ താഴത്തിറക്കാൻ നടന്ന വിമോചന സമരത്തിൽ ജനസംഘം നേതാവ് വാജ്‌പേയിയുടെ പിന്തുണ ഉണ്ടായ കാര്യം എല്ലാവർക്കും അിറിയുന്നതല്ലെ. അസംബ്ലി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ തോൽപ്പിക്കാൻ യു.ഡി.എഫിന് കഴിയില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയുമായി മുന്നണിയുണ്ടാക്കാൻ മുസ്‌ലിം ലീഗും, കോൺഗ്രസ്സും തീരുമാനിച്ചിട്ടുള്ളത്. ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ല എന്നതുകൊണ്ടാണ് സംഘപരിവാറുമായി ചേർന്ന് സമാന്തര സമരപരിപാടികൾ കോൺഗ്രസ്സ് ആസൂത്രണം ചെയ്യുന്നത്.
എൽ.ഡി.എഫ് ഗവൺമെന്റിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഒരു ആരോപണവും തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കോടതിയിൽ കൊടുത്ത കേസുകളിലെ വിധികളെല്ലാം തന്നെ പ്രതിപക്ഷം നടത്തിയ ആരോപണങ്ങളെ തള്ളിക്കളയുന്നതായിരുന്നു. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ കസ്റ്റംസിനും എൻ.ഐ.എയ്ക്കും നൽകട്ടെ. ഗവൺമെന്റിനും എൽ.ഡി.എഫിനും എതിരായി തുടർച്ചയായി ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനുള്ള കോൺഗ്രസ് ബി.ജെ.പി തന്ത്രത്തെ ജനങ്ങൾ തിരിച്ചറിയും. എൽ.ഡി.എഫ് ഗവൺമെന്റിനെ തകർക്കാനുള്ള ഏതൊരു നീക്കത്തെയും കേരളത്തിലെ ജനങ്ങൾചെറുത്ത് പരാജയപ്പെടുത്തും.
