കേരളത്തെ പുരോഗതിലേക്ക് നയിച്ചത് കിഫ്ബി; ഇ.ഡിയുടെ നീക്കം വികസനം തടയാൻ അതാണ് കിഫ്ബിക്ക് എതിരായ ഇപ്പോഴത്തെ നീക്കമെന്നും മുഖ്യമന്ത്രി

  • Post category:Kerala / national / news
  • Reading time:1 min read
You are currently viewing കേരളത്തെ പുരോഗതിലേക്ക് നയിച്ചത് കിഫ്ബി; ഇ.ഡിയുടെ നീക്കം വികസനം തടയാൻ അതാണ് കിഫ്ബിക്ക് എതിരായ ഇപ്പോഴത്തെ നീക്കമെന്നും മുഖ്യമന്ത്രി

കേരളത്തെ പുരോഗമനത്തിലേക്ക് നയിച്ചത് കിഫ്ബി പദ്ധതിയിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വപ്‌നം കാണാൻ പോലുമാകാത്ത പദ്ധതികൾ നടപ്പിലായത് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി കൊണ്ടുവന്നപ്പോൾ മലർപ്പൊടിക്കാരൻ്റെ സ്വപ്‌നം എന്ന് പോലും പ്രതിപക്ഷം പരിഹസിച്ചു.

കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തും എന്ന് പറഞ്ഞപ്പോൾ അതിനെ യു.ഡി.എഫ് എതിർത്തു. അഞ്ചുവർഷം കഴിഞ്ഞപ്പോൾ 62,000 കോടി രൂപ കണ്ടെത്തി. ആ കിഫ്ബിയെ തകർക്കാനാണ് ഇപ്പോഴത്തെ ശ്രമം. ബി.ജെ.പിക്കൊപ്പം കോൺഗ്രസും അതിൽ പങ്കുചേരുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.കൊല്ലത്ത് സി.പി.ഐ(എം) ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ വികസനം തടയാനുള്ള ശ്രമം നടത്തുകയാണ് ഇഡി. ഇ.ഡിയെ ആർക്കും പരിചയപ്പെടുത്തേണ്ടതില്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇ.ഡിയുടെ ഉദ്ദേശ്യം വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഇന്ന് വികസനം നടക്കുന്നത് കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ്. കേരളത്തിൻ്റെ വികസനം തടയാൻ കിഫ്ബിയെ തകർക്കണം. അതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കോൺഗ്രസും ബി.ജെ.പിയും ഏതെല്ലാം രീതിയിൽ എതിർത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ സർക്കാർ പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടിക്കാരല്ലാത്ത ജനങ്ങൾ അടക്കം സിപിഎമ്മിൻ്റെ മേന്മ മനസ്സിലാക്കി പിന്തുണയ്ക്കുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോൾ കാണാനാകുന്നത്. ഇതൊരു നല്ല ചിന്തയാണ്. അതാണ് ഈ പാർട്ടിയുടെ ശക്തിയെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളും എൽ.ഡി.എഫിനെ സ്വീകരിച്ചു. എൽ.ഡി.എഫിന് ലഭിച്ച രണ്ടാമൂഴം ജനങ്ങൾ നെഞ്ചേറ്റിയതിൻ്റെ തെളിവാണ്. എന്നാൽ മറ്റു ചിലരുണ്ട്. ഈ പാർട്ടി ഇവിടെ നിലനിൽക്കരുത് എന്നാണ് അവർ ആഗ്രഹിക്കുന്നത്. തുടർഭരണത്തിന് ശേഷം യു.ഡി.എഫ് വല്ലാത്ത പകയും വിദ്വേഷവും പടർത്തുന്നു. മുൻകാലങ്ങളിൽ സി.പി.എമ്മിനെതിരെ അനാവശ്യമായ ശത്രുത ചില ജനവിഭാഗങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ യു.ഡി.എഫിന് കഴിഞ്ഞിരുന്നു ഇപ്പോൾ ജനം സത്യം തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

0Shares