
കാസർകോട്: സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബി പ്രധാന പങ്ക് വഹിക്കുന്നുവെന്ന് കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ബേത്തൂര്‍പാറ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിടം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം ക്രിയാത്മകമാകണമന്നും പഠിക്കുന്ന കുട്ടികൾക്ക് എല്ലാ സൗകര്യങ്ങളും ഇന്ന് ലഭിക്കുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു. നിർമ്മിത ബുദ്ധിയുടെ കാലത്താണ് നാം ഇപ്പോൾ. അധ്യാപകരും കൂടുതൽ സാങ്കേതിക വിദ്യകൾ പരിശീലിക്കണം. സാങ്കേതിക വിദ്യയുടെ നല്ല വശങ്ങളെ ഉൾക്കൊള്ളണം. അതിൻ്റെ ചതി മനസ്സിലാക്കണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളം വികസനത്തിൻ്റെ പാതയിൽ ആണ്. മാലിന്യ സംസ്കരണം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സ്പീക്കർ പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിൻ്റെ വിദ്യാകിരണം പദ്ധതിയിലുള്‍പ്പെടുത്തിയാണ് ബേത്തൂര്‍പാറ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പുതിയ കെട്ടിടം നിർമ്മിച്ചത്. കിഫ്ബി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടം മലയോര മേഖലയിലെ മികച്ച വിദ്യാലയത്തിൻ്റെ മാറ്റ് കൂട്ടും. അക്കാദമിക് ബ്ലോക്ക്, ആണ്‍കുട്ടികള്‍ക്കായി ആറ് ടോയ്‌ലറ്റുകളടങ്ങിയ ബ്ലോക്കും പെണ്‍കുട്ടികള്‍ക്ക് മൂന്ന് ടോയ്‌ലറ്റുകള്‍ അടങ്ങിയ ബ്ലോക്കുമാണ് നിര്‍മ്മിച്ചത്. രണ്ട് നിലകളിലായുള്ള കെട്ടിടത്തില്‍ എട്ട് ക്ലാസ് മുറികള്‍ ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ വിശ്രാന്തി മന്തിരം ഉദ്ഘാടനം ചെയ്തു. കുറ്റിക്കോല്‍ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. ഗണേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റിനി തോമസ് സ്‌കൂള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, ഡി.ഡി.ഇ കാസര്‍കോട് സി.കെ വാസു, ഡി.ഇ.ഒ നന്ദികേശന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. സവിത, കുറ്റിക്കോല്‍ പഞ്ചായത്ത് മെമ്പര്‍ മാരായ ലക്ഷ്മികൃഷ്ണന്‍, പി. മാധവന്‍, ശാന്ത പയ്യങ്ങാനം, ബേഡഡുക്ക പഞ്ചായത്ത് മെമ്പര്‍ രജനി, കാസര്‍കോട് എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ്, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് കെ. ബാലകൃഷ്ണന്‍, സ്റ്റാഫ്‌സെക്രട്ടറി ബി.സി യമുന, പി.ടി.എ വൈസ് പ്രസിഡന്റ് കെ. വിനോദ് കുമാര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് പ്രമീള സുരേഷ്, ബേത്തൂര്‍പാറ എ.എല്‍.പി സ്‌കൂള്‍ എച്ച്.എം സണ്ണി തോമസ്സ്, ബേത്തൂര്‍പാറ എ.എല്‍.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എ. മോഹന്‍, സ്‌കൂള്‍ ലീഡര്‍ ടി. അനുശ്രീ, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രതിനിധി കെ. അശോകന്‍, യു.പി അധ്യാപിക പി. പ്രേമലത, പ്രിൻസിപ്പാൾ പി.വി.ശശി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എസ്.എം.സി ചെയര്‍മാന്‍ കെ. മണികണ്ഠന്‍ സ്വാഗതവും ജി.എച്ച്.എസ്.എസ് ബേത്തൂര്‍പാറ പി.ടി.എ പ്രസിഡന്റ് എ. മണികണ്ഠന്‍ നന്ദിയും പറഞ്ഞു.
