
കാസർകോട് : കേരളം വികസനത്തിൻ്റെയല്ല വിവാദങ്ങളുടെയും വിധ്വംസക പ്രവർത്തനങ്ങളുടെയും വിളനിലമാണെന്നും ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് പിണറായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പികെ കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജൈവ കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറിയൊരു വിഭാഗം കർഷകരുടെ എതിർപ്പ് കണക്കിലെടുത്ത് പുതുതായി രൂപീകരിച്ച കാർഷികനിയമങ്ങൾ പിൻവലിച്ചത് നരേന്ദ്രമോദി സർക്കാരിൻ്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയ്ക്ക് തെളിവാണ്. മുഴുവൻ കർഷകരെയും വിശ്വാസത്തിലെടുക്കാൻ നരേന്ദ്ര മോദി സർക്കാർ ഒട്ടനവധി ചർച്ചകൾ നടത്തി. എന്നിട്ടും ഒരു വിഭാഗം കർഷകർ എതിർപ്പ് തുടർന്നതോടെ രാഷ്ട്രതാൽപ്പര്യം മുൻനിർത്തി കേന്ദ്രസർക്കാർ നിയമങ്ങൾ പിൻവലിക്കാൻ തയ്യാറാവുകയായിരുന്നു.

ഈ നിയമങ്ങൾ പിൻവലിച്ചത് നരേന്ദ്രമോദിക്കും ബിജെപിക്കും വലിയ തിരിച്ചടി ആണെന്നാണ് പ്രതിപക്ഷ പാർട്ടികൾ അവകാശപ്പെട്ടത്. അതേ സമയം ത്രിപുര പോലെയുള്ള കാർഷിക സംസ്ഥാനങ്ങളിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ നേട്ടം ഇവർ വിസ്മരിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിച്ചതോടെ കുത്തകകളും ഇടനിലക്കാരും വീണ്ടും വലിയ നേട്ടം കൊയ്യാൻ തുടങ്ങിയിരിക്കുന്നു. കുതിച്ചുയരുന്ന പച്ചക്കറി വില അതിനു തെളിവാണ്. ഇടത് വലത് മുന്നണികൾ ഭരിച്ച് മുടിച്ച കേരളം ഇന്ന് അയൽ സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഒരു ലോറി സമരം വന്നാൽ പിണറായി വിജയൻ്റെ ‘ സ്വാശ്രയ കേരളം’ എന്നത് പൊള്ളയാണെന്ന് തെളിയും. കേരളം തീവ്രവാദത്തെ കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി മാറിയിരിക്കുന്നു.
കെ – റെയിൽ പദ്ധതിക്കായി ജനങ്ങളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുകയും അവരുടെ പ്രതിഷേധത്തെ അടിച്ചമർത്തുകയുമാണ് പിണറായി സർക്കാർ ചെയ്യുന്നത്. കടക്കയത്തിൽ മുങ്ങിയിരിക്കുന്ന സർക്കാർ ആരുടെ താൽപര്യം സംരക്ഷിക്കാൻ വേണ്ടിയാണ് ഈ അതിവേഗപാത പണിയുന്നതെന്ന് ന്യായമായും സംശയിക്കണം.
വീരമൃത്യു വരിക്കുന്ന സൈനികർക്ക് ആദരവ് ലഭിച്ചു തുടങ്ങിയത് അടൽ ബിഹാരി വാജ്പേയ് സർക്കാരിൻ്റെ കാലം മുതൽക്കാണ്. ഇന്ന് അത്തരം സൈനികരുടെ കുടുംബങ്ങളുടെ പൂർണ്ണസംരക്ഷണം സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്.

കാർഷിക വായ്പകൾ, സബ്സിഡികൾ, ഇൻഷുറൻസുകൾ, കൃഷി ഇറക്കാനും വിളവെടുക്കാനുമുള്ള സാമ്പത്തിക സഹായം എന്നിങ്ങനെ പലതും നേരിട്ട് കർഷകൻ്റെ അക്കൗണ്ടിൽ എത്തുന്നത് നരേന്ദ്രമോദി സർക്കാരിൻ്റെ നേട്ടങ്ങളാണ്. കോവിഡ് വ്യാപനകാലത്തും തുടർന്നും പട്ടിണിമരണങ്ങൾ സംഭവിക്കാത്തതിന് മലയാളികൾ നന്ദി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനോടല്ല മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണെന്നും പി.കെ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, ദേശീയ കൗൺസിൽ അംഗം പ്രമീള സി. നായിക്, സഞ്ജീവ ഷെട്ടി,
സംസ്ഥാന സമിതിയംഗം സവിത ഭട്ട്, സതീഷ് ചന്ദ്ര ഭണ്ഡാരി, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയ് കുമാർ റൈ എന്നിവർ സംസാരിച്ചു. കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് കുഞ്ഞിക്കണ്ണൻ ബളാൽ സ്വാഗതവും ബി.ജെ.പി ജില്ലാ സെക്രട്ടറി മനുലാൽ മേലത്ത് നന്ദിയും പറഞ്ഞു. തുടർന്ന് ഗുജറാത്തിലെ ആനന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ജൈവ കർഷക സംഗമത്തിൻ്റെ തത്സമയ സംപ്രേക്ഷണവും നടന്നു.
ജൈവകൃഷി സമ്മേളനത്തിൻ്റെ ഭാഗമായി തൃക്കരിപ്പൂരിൽ നടന്ന കർഷക യോഗം ബി.ജെ.പി.തൃക്കരിപ്പൂർ മണ്ഡലം പ്രസിഡൻ്റ് ടി.വി.ഷിബിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ മോഹനൻ അധ്യക്ഷനായി.നീലേശ്വരത്ത് മണ്ഡലം പ്രസിഡൻ്റ് സി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു.കർഷക മോർച്ച മണ്ഡലം പ്രസിഡൻ്റ് പി.വി.സുകുമാരൻ അധ്യക്ഷനായി.പി.യു.വിജയകുമാർ, ടി.രാധാകൃഷ്ണൻ ,പി.മോഹനൻ എന്നിവർ പ്രസംഗിച്ചു.
കാഞ്ഞങ്ങാട് മണ്ഡലം കർഷസംഗമം കോട്ടപ്പാറയിൽ ബി.ജെ.പി. മണ്ഡലം പ്രസിഡൻ്റ് പ്രശാന്ത് സൗത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എച്ച്.ആർ.ശ്രീധരൻ അധ്യക്ഷനായി. കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ് ഗംഗാധരൻ, ഗോപാലൻ കാനത്തിൽ എന്നിവർ പ്രസംഗിച്ചു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ എ.പത്മനാഭൻ സ്വാഗതവും, ബിജി ബാബു നന്ദിയും പറഞ്ഞു.
ഒടയംചാലിൽ നടന്ന കർഷക സംഗമം ബി.ജെ.പി.ജില്ലാ സെക്രട്ടറി എൻ.മധു ഉദ്ഘാടനം ചെയ്തു.കർഷക മോർച്ച വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ വെള്ളമുണ്ട അധ്യക്ഷനായി. ബി.ജെ.പി.വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡൻ്റ് രാഹുൽ എൻ.കെ., വൈസ് പ്രസിഡൻ്റുമാരായ ഭാസ്കരൻ കാവുങ്കാൽ, മഞ്ജുള രാധാകൃഷ്ണൻ ,മഹിളാ മോർച്ച പ്രസിഡൻ്റ് ജിഷ രാഘവൻ, ഗോവിന്ദൻ മുണ്ടപ്ലാവ് എന്നിവർ സംബന്ധിച്ചു. മണ്ഡലം ജന. സെക്രട്ടറിമാരായ വിനീത് മുണ്ടമാണി സ്വാഗതവും, ശ്രീജിത് പറക്കളായി നന്ദിയും പറഞ്ഞു.
ഉദുമ മണ്ഡലത്തിലെ കർഷക സംഗമം പുല്ലൂരിൽ ബി.ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറി ടി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. മുളിയാർ മണ്ഡലം കർഷക യോഗം കുണ്ടംകുഴിയിൽ ബി.ജെ.പി.മണ്ഡലം പ്രസിഡൻ്റ് മഹേഷ് ഗോപാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സിന്ധു അധ്യക്ഷയായി. ജയകുമാർ മാനടുക്കം സ്വാഗതവും, സെക്രട്ടറി രാജേശ്വരി നന്ദിയും പറഞ്ഞു.
ബദിയഡുക്കയിൽ ബി.ജെ.പി. മണ്ഡലം പ്രസിഡൻ്റ് ഹരീഷ് നാരംപാടി ഉദ്ഘാടനം ചെയ്തു.കർഷക മോർച്ച മണ്ഡലം പ്രസിഡൻറ് ബാലകൃഷ്ണ ഷെട്ടി അധ്യക്ഷനായി. ചന്തു മാസ്റ്റർ, പി.ആർ.സുനിൽ എന്നിവർ പ്രസംഗിച്ചു. കുമ്പളയിൽ നടന്ന കർഷക സംഗമം ബി.ജെ.പി. മണ്ഡലം പ്രസിഡൻ്റ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.കർഷക മോർച്ച മണ്ഡലം പ്രസിഡൻ്റ് ഭരത് റൈ അധ്യക്ഷനായി. ബി.ജെ.പി. മണ്ഡലം ജന.സെക്രട്ടറിമാരായ വസന്ത മയ്യ സ്വാഗതവും, അനിൽകുമാർ നന്ദിയും പറഞ്ഞു.
