
കാസർകോട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാസറഗോഡ് ജില്ലയിൽ നടപ്പിലാക്കി വരുന്ന കേരള ചിക്കൻ പദ്ധതിയുടെ ആദ്യത്തെ കോഴി ഫാം ചെങ്കള ഗ്രാമ പഞ്ചായത്തിലെ നാരംപാടി പിലികുടുലുവിൽ ജില്ലാ കളക്ടർ ഡി സജിത്ത് ബാബു ഉദ്‌ഘാടനം ചെയ്തു. ഫാം ഉടമ ടി ശ്രീകുമാരൻ നായർ എന്ന കർഷകൻ കോഴി കുഞ്ഞുങ്ങളെ നൽകിയാണ് കളക്ടർ ഉദ്‌ഘാടന കർമ്മം നിർവഹിച്ചത്.
ജില്ലയിലേക്ക് ആവശ്യമായ കോഴികൾ ജില്ലയിൽ തന്നെ ഉൽപാദിപ്പിക്കുന്ന പദ്ധതിയാണ് കേരള ചിക്കൻ. സംസ്ഥാനത്തെ മറ്റു ജില്ലകളിലും പദ്ധതി നിലവിലുണ്ട്. കാസർകോട് ആദ്യമായി ആരംഭിക്കുന്ന ഈ പദ്ധതി വിജയിപ്പിക്കുന്നതിന് കൂടുതൽ കർഷകർ മുന്നോട്ട് വരണമെന്നും പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ പദ്ധതി വളരെ പ്രയോജനകരമാകുമെന്നും കളക്ടർ പറഞ്ഞു.
ബ്രഹ്മഗിരിയാണ് കേരള ചിക്കൻ എന്ന പേരിൽ ഹോർമോൺ കുത്തിവെക്കാത്ത നല്ല കോഴികൾ ഇറച്ചി ആവശ്യത്തിനായി വിപണിലേക്ക് എത്തിക്കുന്നത്. ഇതിന് ആവശ്യമായ കോഴി കുഞ്ഞുങ്ങളെ കർഷകന് നൽകുന്നതും വളർത്താൻ ആവശ്യമായ തീറ്റയടക്കമുള്ള വസ്തുക്കൾ എത്തിക്കുന്നതും സഹകരണ സ്ഥാപനമായ ബാഹ്മഗിരിയാണ്.

നിലവിൽ കർണ്ണാടകയിൽ നിന്നും തമിഴ് നാട്ടിൽ നിന്നും വരുന്ന ഹോർമോൺ കുത്തിവെച്ച കോഴികളെയാണ് നാം ഉപയോഗിക്കുന്നത്. ഇടനിലക്കാർ പറയുന്നതാണ് നിലവിലെ കോഴിവില. ഇത് സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിന് പരിഹാരം കണ്ടത്താനും വിപണയിൽ ഏകീകൃത വില നിർണയിക്കാനും ആരോഗ്യമുള്ള നല്ല ഇറച്ചി ലഭ്യമാക്കുകയുമാണ് സർക്കാർ ലക്ഷ്യമെന്നും കളക്ടർ പറഞ്ഞു.
ഹരിത കേരളം ജില്ലാ കോർഡിനേറ്റർ സുബ്രമണ്യൻ, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലിം,
കേരള ചിക്കൻ അഡ്മിനസ്ട്രേറ്റിവ് ഓഫീസർ സന്തോഷ്, ബ്രഹ്മഗിരി കോർഡിനേറ്റർ മുഹമ്മദ്, കുടുംബശ്രീ അംഗം ഹാജറ, പൈക്കം ഭാസ്കരൻ, ബി.ആർ ഗോപാലൻ, കൃഷ്ണ നായ്ക് തുടങ്ങിയവർ സംബന്ധിച്ചു.
