
കാസര്‍കോട്: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനായി പ്രാദേശിക തലത്തില്‍ ബോധവല്‍ക്കരണം ശക്തമാക്കിയ സാഹചര്യത്തില്‍ കോവിഡ് ബാധിതരായും നിരീക്ഷണത്തിലും വീടുകളില്‍ കഴിയുന്ന ജനങ്ങളുടെ ആശങ്കകള്‍ക്ക് കാതോര്‍ക്കാനൊരുങ്ങി ജില്ലയിലെ മാഷ് പദ്ധതി പ്രവര്‍ത്തകര്‍. വലിയ പറമ്പ് പഞ്ചായത്തില്‍ തുടക്കം കുറിച്ച പദ്ധതി മറ്റ് പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണ്.

നിലവില്‍ പള്ളിക്കര പഞ്ചായത്തിലും പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഒരു വാര്‍ഡില്‍ അഞ്ച് അധ്യാപകര്‍ എന്ന കണക്കില്‍ ജില്ലയിലെ 777 വാര്‍ഡുകളിലും മാഷ് പ്രവര്‍ത്തകര്‍ കര്‍മ്മ നിരതരാണ്. ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ബാബുവിന്‍റെ ആശയത്തില്‍ ആരംഭിച്ച മാഷ് പദ്ധതി കളക്ടര്‍ ചെയര്‍മാനായ ജില്ലാതല ഐ.ഇ.സി കോ ഓഡിനേഷന്‍ കമ്മറ്റിയുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓഡിനേറ്റര്‍ പി. ദിലീപ് കുമാര്‍, ഡി.ഡി.ഇ കെ.വി പുഷ്പ, തുടങ്ങിയവര്‍ പദ്ധതി ഏകോപിപ്പിക്കുന്നു.
വാര്‍ഡുകളില്‍ ചുമതലയുള്ള അധ്യാപകരാണ് അതാത് വാര്‍ഡുകളിലെ ജനങ്ങളുടെ ആശങ്കകള്‍ കേട്ട് ആശ്വാസമേകുക. ജില്ലയില്‍ ആകെ 1880 അധ്യാപകരാണ് മാഷ് പദ്ധതിയില്‍ പ്രവര്‍ത്തിച്ചു വരുന്നതെന്നും ഇതോടൊപ്പം പുതിയതായി പദ്ധതിയുടെ ഭാഗമാകാന്‍ 703 അധ്യാപകര്‍ കൂടി എത്തിയിട്ടുണ്ടെന്നും മാഷ് പദ്ധതി ജില്ലാ ലെയ്സണ്‍ ഓഫീസര്‍ പി.സി വിദ്യ ടീച്ചര്‍ അറിയിച്ചു.
ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡു തലത്തില്‍ ജാഗ്രത സമിതികള്‍, റാപ്പിഡ് റെസ്പോണ്‍സ് ടീം എന്നിവരുമായി ചേര്‍ന്നാണ് അധ്യാപകര്‍ പ്രവര്‍ത്തിക്കുന്നത്.കോവിഡ് ഒന്നാം തരംഗത്തില്‍ ജില്ലയില്‍ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിച്ച മാഷ് പദ്ധതി അധ്യാപകരാണ് രണ്ടാം തരംഗത്തിലും പ്രാദേശീകതലത്തില്‍ സജീവമായിരിക്കുന്നത്.
ഓരോ വാര്‍ഡിലും ജാഗ്രതസമിതി ശക്തിപ്പെടുത്താനും അതിനായി ആ വാര്‍ഡിന്‍റെ ചുമതലയുള്ള ടീച്ചേര്‍മാര്‍ വാര്‍ഡ് മെംബര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, ആരോഗ്യ വകുപ്പ്, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് ഒരു കൂട്ടായ്മ ഉണ്ടാക്കാനും മീറ്റിങ്ങുകള്‍ നടത്താനും മാഷ് കോഡിനേറ്റര്‍മാരുടെ അവലോകന യോഗത്തില്‍ തീരുമാനിച്ചു.
