ഐസൊലേഷന്‍ സൗകര്യത്തിന് ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം സജ്ജമാക്കും; കാസർകോട് ജില്ലയിലെ പ്രധാന ഐസോലേഷന്‍ ആശുപത്രികള്‍ ഏതൊക്കെ എന്നറിയാം

You are currently viewing ഐസൊലേഷന്‍ സൗകര്യത്തിന് ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം സജ്ജമാക്കും; കാസർകോട് ജില്ലയിലെ പ്രധാന ഐസോലേഷന്‍ ആശുപത്രികള്‍ ഏതൊക്കെ എന്നറിയാം

ബേഡഡുക്ക താലൂക്ക് ആശുപത്രി പരിസരത്ത് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുത ഗതിയില്‍ പൂര്‍ത്തിയാക്കാനൊരുങ്ങി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്. വൈദ്യുതീകരണ പ്രവൃത്തി ബാക്കിനില്‍ക്കെ മറ്റ് പ്രവൃത്തികളെല്ലാം പൂര്‍ത്തിയായ കെട്ടിടം സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ശുചീകരിച്ചു വരികയാണ്. കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആവശ്യമായി വരുന്ന സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാണ് പ്രവൃത്തി ആരംഭിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണ പരിപാടിയില്‍ നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കാളികളാകും. പകര്‍ച്ച വ്യാധി ഭീഷണിയുടെ ആരംഭ ഘട്ടത്തില്‍ തന്നെ രണ്ട് ബോധവല്‍ക്കരണ ക്ലാസുകള്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലും വാര്‍ഡുകളിലും ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശങ്ങളും കൃത്യമായി എത്തിക്കുന്നുണ്ടെന്നും ഇതിനായി തൊഴിലുറപ്പ് ജീവനക്കാരും ആശാവര്‍ക്കര്‍മാരും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം ഇടതടവില്ലാതെ സന്ദേശങ്ങള്‍ എത്തിക്കുന്നുണ്ടെന്നും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ പറഞ്ഞു.

മുളിയാര്‍ സി.എച്ച്.സിയിലും ബേഡഡുക്ക താലൂക്ക് ആശുപത്രിയിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൂടുതല്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ആവശ്യമായി വന്നാല്‍ മുളിയാര്‍, ബോവിക്കാനം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉപയോഗപ്പെടുത്തനാകുമെന്നും പ്രസിഡന്റ് പറഞ്ഞു.

കാഞ്ഞങ്ങാട് ജില്ലാശുപത്രി, ജനറല്‍ ആശുപത്രി ,ലക്ഷ്മിമേഘന്‍ , കാഞ്ഞങ്ങാട് മദേഴ്സ് ഹോസ്പിറ്റല്‍, പെരിയ ഓള്‍ഡ് റിവര്‍ സൈഡ് ട്രാന്‍സിറ്റ് സെന്റര്‍ പെരിയ ,ഓള്‍ഡ് സര്‍ജി കെയര്‍,കാസര്‍കോട് അരമന ആശുപത്രി, കെയര്‍ വെല്‍ ,ഉളിയത്തടുക്ക ,ചിത്ര മെഡിക്കല്‍ സെന്റര്‍ ,ബദിയടുക്ക സി .എച്ച്. സി ,മഞ്ചേശ്വരം ആശുപത്രി, മംഗല്‍പാടി ആശുപത്രി എന്നിവയാണ് ജില്ലയിലെ പ്രധാന ഐസോലേഷന്‍ ആശുപത്രികള്‍.

0Shares