
കോവിഡ് മഹാമാരിയില്‍നിന്ന് ആശ്വാസം പകര്‍ന്ന കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് ഇതുവരെ കോവിഡ് ചികിത്സ കഴിഞ്ഞിറങ്ങിയത് 2468 പേര്‍. നിലവില്‍ 70 പേരാണ് ഇവിടെ കോവിഡ് ചികിത്സയിലുള്ളത്. നിരവധി വികസന പദ്ധതികളാണ് ജില്ലയുടെ മെഡിക്കല്‍ കോളജിനായി പുരോഗമിക്കുന്നത്.
കോവിഡിന്‍റെ തുടക്കത്തില്‍ 2020 ഏപ്രില്‍ ആറിനാണ് ഉക്കിനടുക്കയിലെ ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് അനുവദിച്ച 30 കോടി രൂപ ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച അക്കാദമിക് കെട്ടിടമാണ് കോവിഡ് ചികിത്സയ്ക്കായി തയ്യാറാക്കിയത്. ആദ്യത്തെ 164ല്‍ നിന്ന് 200 ബെഡുകളായി ഉയര്‍ത്താന്‍ കഴിഞ്ഞത് നേട്ടമായി. ഇതില്‍ എന്‍.ഐ.വി വെന്റിലേറ്ററുകളും ഓക്‌സിജന്‍ ബെഡുകളും ഐസിയു ബെഡുകളും ഉള്‍പ്പെടെ നൂറോളം ബെഡുകളില്‍ ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കാനും സൗകര്യമുണ്ട്.

മെഡിക്കല്‍ കോളേജിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഓക്‌സിജന്‍ പ്ലാന്റ് ഒരു മാസത്തിനകം സജ്ജമാകുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയ ആരോഗ്യ ദൗത്യം ഡി.പി.എം രാമന്‍ സ്വാതി വാമന്‍ പറഞ്ഞു. ഒരു മിനിറ്റില്‍ ശരാശരി 1000 ലിറ്റര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാവുന്ന ഓക്‌സിജന്‍ പ്ലാന്റാണ് യാഥാര്‍ഥ്യമാകുന്നത്.
ആദ്യ കോവിഡ് തരംഗത്തില്‍ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ പകച്ച് നിന്ന ജില്ലയ്ക്ക് ആശ്വാസമായത് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ്. കോവിഡ് രണ്ടാം തരംഗത്തിലും ജില്ലയുടെ പ്രതിരോധം ശക്തമാക്കുന്നതില്‍ മെഡിക്കല്‍ കോളേജിന് നിര്‍ണായക പങ്കാണുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണസംവിധാനത്തിന്‍റെ സഹകരണത്തോടെ നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയത്. 2018 നവംബറിലാണ് മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. 2020 ഏപ്രില്‍ നാലിന് ഉദ്ഘാടനം ചെയ്തു.
ആറിന് കോവിഡ് ചികിത്സ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ തിരുവന്തപുരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 27 അംഗ മെഡിക്കല്‍ വിദഗ്ദരാണ് കാസര്‍കോട് മെഡിക്കല്‍ കോളേജിന്‍റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. നിലവില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ 54 ജീവനക്കാരും ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍റെ 86 ജീവനക്കാരും ഇവിടെ കര്‍മ്മനിരതരാണ്.
