
കാസർകോട്: ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിൻ്റെ നേതൃത്വത്തില്‍ (ഡി.വി.സി.യു) നടക്കുന്ന പരിശോധനകളിലാണ് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ അതിഥി തൊഴിലാളികളില്‍ മന്ത് രോഗത്തിന് കാരണമായ മൈക്രോ ഫൈലേറിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
ഈ വര്‍ഷം ഇതുവരെ 15619 പേരെ പരിശോധിച്ചതില്‍ 95 പേരിലാണ് രോഗകാരിയെ കണ്ടെത്തിയത്. ബീഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരിലാണ് രോഗബാധ കൂടുതല്‍. ബീഹാറില്‍ നിന്നുള്ള 36 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ നിന്നുള്ള 25 പേര്‍ക്കും രോഗബാധ കണ്ടെത്തി.
ജില്ലയില്‍ ഡിസ്ട്രിക്ട് മൈഗ്രന്റ് സ്‌ക്രീനിംഗ് ടീം, ഡിസ്ട്രിക്ട് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, പ്രാദേശിക അടിസ്ഥാനത്തില്‍ പി.എച്ച്.സി, സി.എച്ച്.സി താലൂക്ക് ആശുപത്രികളുമായി ബന്ധപ്പെട്ടുള്ള ഫീല്‍ഡ് വര്‍ക്കര്‍മാര്‍ എന്നിവരാണ് മന്ത് രോഗ നിര്‍ണയ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.

അതിഥി തൊഴിലാളികളെ പരിശോധിക്കാനായി മാത്രമുള്ള സംഘം 6122 പേരെ പരിശോധിച്ചതില്‍ 88 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബാക്കിയുള്ള സംഘം പരിശോധിച്ചതില്‍ ഏഴ് പേരിലും രോഗബാധ കണ്ടെത്തി. അതിഥി തൊഴിലാളികള്‍ കൂടുതലുള്ള ജില്ലയിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റുകളിലുമാണ് രോഗബാധ.
