ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അടിയന്തിര യോഗം ചേർന്നു; കാസർകോട് അതീവ ജാഗ്രത; മുൻകരുതൽ നടപടികൾ..

You are currently viewing ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അടിയന്തിര യോഗം ചേർന്നു; കാസർകോട് അതീവ ജാഗ്രത; മുൻകരുതൽ നടപടികൾ..

കാസർകോട് : ജില്ലയിൽ അതീവ ജാഗ്രത തുടരാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. ജില്ലാ കളക്ടർ വിളിച്ചു ചേർത്ത അടിയന്തിര ഓൺലൈൻ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ മറ്റ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ പങ്കെടുത്തു. ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ ജൂലൈ 15 ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യോഗം. വിദ്യാലയങ്ങൾക്ക് കളക്ടർ തികളാഴ്ച ജൂലൈ 15 അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് 15,16 തീയതികളിൽ നിരോധനം. അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. വിവിധ വകുപ്പുകളും പൊതു ജനങ്ങളും മുൻകരുതൽ സ്വീകരിക്കണം.

ഒറ്റപ്പെട്ട അതിശക്തമായ മഴ (24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ) തുടരുന്ന സാഹചര്യം മണ്ണിടിച്ചിൽ, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് എന്നിവ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതകൾ വർധിപ്പിക്കും. റവന്യുതാലൂക്ക് ജില്ലാ കേന്ദ്രങ്ങളിലും പോലീസ് കെ എസ്ഇബി ഫിഷറീസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണെന്ന് കലക്ടർ അറിയിച്ചു. അടിയന്തിരമായി വിളിച്ചു ചേർത്ത ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ. ‘റാണിപുരം, കോട്ടഞ്ചേരി ഉൾപ്പടെയുള്ള ഹിൽ ടൂറിസം കേന്ദ്രങ്ങളിലും മലയോരത്ത് വെള്ളച്ചാട്ടങ്ങളുള്ള മേഖലകളിലും പള്ളിക്കര ബേക്കൽ, ചെമ്പരിക്ക, ഹൊസ്ദുർഗ് കൈറ്റ് ബീച്ച് ഉൾപ്പെടെ എല്ലാ ബീച്ചുകളിലും ജൂലൈ 15,16 തീയതികളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത് കർശനമായി പാലിക്കുന്നു വെന്ന് പോലീസ് ഡി.ടി.പി.സി തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്.

നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. അവ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും നിർമാണ കരാർ കമ്പനികളുടെ പ്രതിനിധികൾക്കും കളക്ടർ നിർദേശം നൽകി. പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന സ്ഥലങ്ങളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. 24 മണിക്കൂറും ജാഗ്രത പാലിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണം. ചെർക്കള മുതൽ ചട്ടഞ്ചാൽ വരെ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ നൈറ്റ് പട്രോളിംഗ് ഉൾപ്പടെയുണ്ടാകണം. ആവശ്യമായി വന്നാൽ വാഹനങ്ങൾ വഴി തിരിച്ചുവിടാൻ പോലീസ് നടപടി സ്വീകരിക്കണം.

0Shares