ബാങ്ക് ഇടപാടുകള്‍ ഡിജിറ്റലായി; സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി കാസര്‍കോട്

You are currently viewing ബാങ്ക് ഇടപാടുകള്‍ ഡിജിറ്റലായി; സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി കാസര്‍കോട്

കാസർകോട്: ബാങ്ക് അക്കൗണ്ടുള്ള എല്ലാവര്‍ക്കും ചുരുങ്ങിയത് ഒരു ഡിജിറ്റല്‍ ഇടപാട് സൗകര്യമെങ്കിലും ഒരുക്കിക്കൊടുത്ത് കാസര്‍കോട് ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് നേട്ടം സ്വന്തമാക്കി. സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങിലേക്ക് എത്തുന്ന സംസ്ഥാനത്തെ മൂന്നാമത്തെ ജില്ലയാണ് കാസര്‍കോട്. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കോട്ടയത്തും തൃശൂരും സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് നടപ്പാക്കിയത് വിജയമായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എല്ലാ ജില്ലയിലും നടപ്പാക്കാന്‍ തീരുമാനിച്ചത്. രണ്ടാം ഘട്ടത്തില്‍ പ്രഖ്യാപനം നടത്തുന്ന ആദ്യ ജില്ലയാണ് കാസര്‍കോട്.

11 പൊതുമേഖലാ ബാങ്കുകളും 12 സ്വകാര്യ ബാങ്കുകളും മേഖലാ റൂറല്‍ ബാങ്കും, കേരള ബാങ്കും, സ്‌മോള്‍ ഫിനാന്‍സ് ബാങ്കും, ഇന്ത്യന്‍ പോസ്റ്റ് പെയ്‌മെന്റ് ബാങ്കും ഉള്‍പ്പെടെ ജില്ലയില്‍ 26 ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവക്കെല്ലാമായി 276 ശാഖകളുണ്ട്. ഈ ബാങ്കുകളിലുള്ള 18.62 ലക്ഷം അക്കൗണ്ടുകള്‍ക്ക് ചുരുങ്ങിയത് ഒരു ഡിജിറ്റല്‍ സൗകര്യം എങ്കിലും നല്‍കിയാണ് ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗിലേക്ക് കടക്കുന്നത്.

യു.പി.ഐ ഇടപാട്, ഡെബിറ്റ്/ റുപേ കാര്‍ഡ് വിതരണം, മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എ.ഇ.പി.എസ് ആന്റ് പി.ഒ.എസ് സൗകര്യങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയത്.
സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിനായി ജൂണില്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ രണ്ടര മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിൻ്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരിൻ്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ഡിജിറ്റല്‍ ബാങ്കിംഗ് നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് രണ്ടാം ഘട്ടത്തില്‍ ജില്ലയ്ക്ക് ആദ്യ നേട്ടം കൈവരിക്കാനായത്.

കേരള ബാങ്ക് ഹാളില്‍ നടന്ന സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ല പ്രഖ്യാപന പരിപാടി ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ജെഗ്ഗി പോള്‍ ഉദ്ഘാടനം ചെയ്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (തിരുവനന്തപുരം) ജനറല്‍ മാനേജര്‍ സെഡ്രിക് ലോറന്‍സ് പ്രഖ്യാപനം നിര്‍വ്വഹിച്ചു. എസ്.എല്‍.ബി.സി കണ്‍വീനറും കാനറാ ബാങ്ക് (തിരുവനന്തപുരം) ജനറല്‍ മാനേജറുമായ എസ്. പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. ബാങ്കിംഗ് രംഗത്ത് മികച്ച പ്രകടനം നടത്തിയ എഫ്.എല്‍.സി, സി.എഫ്.എല്‍ കോര്‍ഡിനേറ്റര്‍മാരെ ആദരിച്ചു.

ആര്‍.ബി.ഐ (തിരുവനന്തപുരം) എ.ജി.എം പ്രദീപ് മാധവ്, നബാര്‍ഡ് എ.ജി.എം കെ.ബി ദിവ്യ, എസ്.ബി.ഐ റീജ്യണല്‍ മാനേജര്‍ ധനഞ്ജയ മൂര്‍ത്തി, കേരള ബാങ്ക് (കാസര്‍കോട്) ഡി.ജി.എം കെ.കൃഷ്ണന്‍, കേരള ഗ്രാമീണ്‍ ബാങ്ക് റീജ്യണല്‍ മാനേജര്‍ വി.എം.പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാനറാ ബാങ്ക് റീജ്യണല്‍ ഓഫീസ് കാസര്‍കോട് എ.ജിഎം എച്ച്.ശശിധര്‍ ആചാര്യ സ്വാഗതവും ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ എന്‍.വി.ബിമല്‍ നന്ദിയും പറഞ്ഞു.

0Shares