
കാസറഗോഡ്: കണ്ണൻ പാട്ടാളി കഥകളി ട്രസ്റ്റിൻ്റെ വാർഷികാഘോഷത്തിൻ്റെ ഭാഗമായി അരവത്ത് ആംഫി തിയേറ്ററിൽ സംഘടിപ്പിച്ച സമന്വയ- 2026 ഫോക് ഫെസ്റ്റ് നവ്യാനുഭവം സമ്മാനിച്ചു. കേരളത്തിൻ്റെ തനത് കലയായ കഥകളിയെയും കർണാടകത്തിൻ്റെ പ്രൗഢി വിളിച്ചോതുന്ന യക്ഷഗാനത്തെയും സമന്വയിപ്പിച്ചായിരുന്നു പരിപാടി. ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ നിർവചിച്ച അഭിനയ സമ്പ്രദായങ്ങളായ ആംഗിക വാചിക സാത്വിക ആഹാരികാദികൾ സമ്മേളിക്കുന്ന കഥകളിയിലെയും യക്ഷഗാന വാത്മീകി എന്നറിയപ്പെടുന്ന പാർത്ഥിസുബ്ബൻ ചിട്ടപ്പെടുത്തിയ യക്ഷ ഗാനത്തിലെയും സാജാത്യങ്ങളെ കലാസ്വാദകർക്ക് മുന്നിൽ എത്തിച്ചു. കോട്ടക്കൽ ഉണ്ണികൃഷ്ണനും ജയറാമ പാട്ടാളി പടുമലയും ചേർന്ന് വായ്പാട്ട്, വാദ്യങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെ അവതരിപ്പിക്കുകയായിരുന്നു.
നവരസങ്ങളെ കഥകളി കലാകാരന്മാർ കഥകളിയിലെ സന്ദർഭങ്ങൾ ഉദാഹരിച്ച് അവതരിപ്പിച്ചപ്പോൾ യക്ഷഗാനത്തിലെ വ്യത്യസ്ത മുഹൂർത്തങ്ങൾ നവരസ ഭാവങ്ങളിൽ അവതരിപ്പിക്കുകയായിരുന്നു യക്ഷഗാന കലാ കാരന്മാർ. കോട്ടക്കൽ ഉണ്ണികൃഷ്ണൻ്റെയും ജയറാമ പാട്ടാളി പടമലയുടെയും മുഖത്ത് വിരിഞ്ഞ ഭാവ വിസ്മയം കലാസ്വാദകരെ അത്ഭുതപ്പെടുത്തി. കാല- ദേശ വ്യത്യാസം ഇല്ലാതെ കലകൾ എങ്ങനെ പാരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നു എന്നതിൻ്റെ നേർസാക്ഷ്യമായിരുന്നു പരിപാടി.

ഭാരതത്തിൻ്റെ വ്യത്യസ്ത ദേശങ്ങളിലുള്ള വൈവിധ്യമാർന്ന നാടൻ കലകൾക്ക് മുൻകാലങ്ങളിലും ട്രസ്റ്റ് വേദിയായിട്ടുണ്ട്. കാല- ദേശങ്ങൾക്ക് അതീതമായി കലകളെ കാണുവാനും പ്രോത്സാഹിപ്പിക്കുവാനും നാട്യരത്നം കഥകളി ട്രസ്റ്റ് എന്നും മുൻപന്തിയിൽ ഉണ്ടായിരുന്നു എന്ന് ഭാരവാഹികൾ പറഞ്ഞു. ഈ വർഷത്തെ ഫോക്ഫെസ്റ്റിൽ വീരഗാസേ, പൂജ കുണിത, നാസിക് ഡോളു, ജനപദ സമൂഹ നൃത്യ, കഥക് സമൂഹ നൃത്യം തുടങ്ങിയ കർണാടക കലകൾക്കൊപ്പം ഇരുള നൃത്തം, കോൽക്കളി, അലാമിക്കളി, പൂരക്കളി, ദഫ് മട്ട് തുടങ്ങിയ കേരളീയ നാടൻ കലാ പ്രദർശനവും പരിപാടിയിൽ അരങ്ങേറി.
