
ഫാ. സ്റ്റാൻ സ്വാമിയുടെ മരണം ഇന്ത്യൻ ജുഡീഷ്യറിയുടെ വീഴ്ചതന്നെയായി കാണണമെന്ന് ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് ബി. കെമാൽ പാഷ. അവഗണിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്ത ആദിവാസികൾക്കും അധഃസ്ഥിതർക്കും വേണ്ടി പോരാടിയതിന്‍റെ പേരിൽ മാവോയിസ്റ്റ് എന്ന് മുദ്ര കുത്തപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട സ്റ്റാൻ സ്വാമിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യ പിന്തുടരുന്ന ക്രിമിനൽ നിയമ തത്വം അനുസരിച്ച് ഒരാൾ കുറ്റവാളിയെന്നു തെളിയിക്കപ്പെടുവോളം അയാളെ നിരപരാധിയായി കണക്കാക്കണം. പാർക്കിൻസൺസ് രോഗബാധിതനായ, തനിയെ ഒരു കപ്പ് വെള്ളം പോലും കുടിക്കാൻ കഴിയാത്ത ഒരാൾക്ക് തന്‍റെ നിരപരാധിത്വം തെളിയിക്കാനുള്ള ആയുസ്സ് ലഭിക്കുമോ എന്ന് ആലോചിക്കാനുള്ള വിവേചനബുദ്ധി കോടതിക്ക് ഉണ്ടാകേണ്ടിയിരുന്നു. ഏതൊക്കെ നിയമസാങ്കേതികത്വത്തിന്‍റെ പേരിലാണെങ്കിലും ജാമ്യം നിഷേധിക്കപ്പെട്ട്, ഉചിതമായ ചികിത്സപോലും കിട്ടാതെ മരിച്ച ഫാ. സ്റ്റാൻ സാമിയോടു കാണിച്ചത് കടുത്ത നീതിനിഷേധമാണ്.

ഭരണകൂടം പറയുന്നത് എല്ലാം ശരിയെന്നു കരുതാനാണെങ്കിൽ കോടതിയുടെയും ജഡ്ജിമാരുടെയും ആവശ്യമെന്ത്? കോടതിയുടെ തീരുമാനങ്ങളിൽ മാനുഷികതയും മാനുഷിക പരിഗണനയും വേണം. അതുകൊണ്ടാണ് ജഡ്ജിമാരായി മനുഷ്യരെ വച്ചിരിക്കുന്നത്, കംപ്യൂട്ടറുകളെ വയ്ക്കാത്തത്. പ്രതികളായി കോടതികളിൽ എത്തുന്നത് മനുഷ്യരാണ്. ജഡ്ജിമാരും മനുഷ്യരാകണം. എങ്കിലേ നീതി നടപ്പാക്കപ്പെടൂ.’ കെമാൽ പാഷ പറഞ്ഞു.
ഒരാൾ കുറ്റവാളിയെന്നു തെളിയിക്കപ്പെടുവോളം അയാളെ നിരപരാധിയായി കണക്കാക്കണം എന്നും. എന്നാൽ ഈ തത്വത്തിനു വിരുദ്ധമായ വ്യവസ്ഥയാണ് യു.എ.പി.എ നിയമത്തിലെ ജാമ്യത്തെ സംബന്ധിച്ച വകുപ്പെന്നും പറയുകയാണ് അദ്ദേഹം., കേസ് ഡയറി പ്രകാരമോ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരമോ പ്രതിക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ സത്യമാണെന്നു കരുതാൻ കാരണങ്ങളുണ്ടെങ്കിൽ ജാമ്യം നൽകാൻ പാടില്ല. അതായത് പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ യു.എ.പി.എ ആരോപണമുണ്ടെങ്കിൽ ജാമ്യം നൽകരുത്.
ചുരുക്കിപ്പറഞ്ഞാൽ തങ്ങൾക്ക് അനഭിമതനായ ഒരാൾ വെളിച്ചം കാണരുതെന്ന് ഭരണകൂടം വിചാരിച്ചാൽ ഒരു യു.എ.പി.എ ആരോപണം മാത്രം മതി. ഇവിടെയാണ് കോടതിയുടെ മനുഷ്യത്വപരമായ സമീപനം വേണ്ടിയിരുന്നത്. അദ്ദേഹത്തിന്‍റെ പ്രായവും അനാരോഗ്യവും കണക്കിലെടുക്കണമായിരുന്നു. നിയമപ്രകാരം നടക്കുന്നതെല്ലാം നീതിയാകണമെന്നില്ല. വിവേചനാധികാരം നീതിപൂർവകമായി പ്രയോഗിക്കാനും അർഹതപ്പെട്ടവനു ജാമ്യം നൽകാനും കോടതിക്കു കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
