
കോട്ടയം ജില്ലയിലെ പാമ്പാടിയിലെ ജ്വല്ലറിയിലെ മോഷണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ പിടികൂടി. കൂട്ടിക്കൽ ടോപ്പ് സ്വദേശി അജീഷാണ് പാമ്പാടി പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തിയാണ് അജീഷ്.
കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട് ടോപ്പ് ഏഴാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്നു. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ കടബാധ്യതകൾ പരിഹരിക്കാനും മാതാപിതാക്കളെ പരിചരിക്കാൻ പണം കണ്ടെത്താനുമായിരുന്നു മോഷണമെന്ന് അജീഷ് പൊലീസിനോട് പറഞ്ഞു. പാമ്പാടി ആശുപത്രി പടിക്കലിലെ കയ്യാലപ്പറമ്പില്‍ ജ്വല്ലറിയിലായിരുന്നു മോഷണം.

കടയില്‍ എത്തിയ ശേഷം മാല വാങ്ങാനാണ്, കാണണമെന്ന് അജീഷ് കടയുടമയോട് ആവശ്യപ്പെട്ടു. രണ്ടു മാലകള്‍ നോക്കുന്നതിനിടെ ഉടമ കടയുടെ ഉള്ളിലേക്ക് പോയി. ഈ സമയത്ത് നാലു പവൻ്റെ രണ്ടു മാലകളുമായി അജീഷ് പുറത്തിറങ്ങി സ്‌കൂട്ടറില്‍ കടന്നു കളയുകയായിരുന്നു.മോഷ്ടാവ് പോയ ശേഷമാണ് മോഷണ വിവരം കടയുടമയും കടയിൽ ഉണ്ടായിരുന്നവരും അറിഞ്ഞത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളായിരുന്നു മുഖ്യ തെളിവ്.
