ആസാദ് കശ്മീർ; വിവാദ പരാമർശം പിൻവലിച്ച് കെ.ടി ജലീൽ, പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇടവരുത്തി, ദുര്‍വ്യാഖ്യാന കുറിപ്പിലെ വരികൾ പിൻവിക്കുന്നു: ജലീലിൽ

  • Post category:Kerala / national / news
  • Reading time:2 mins read
You are currently viewing ആസാദ് കശ്മീർ; വിവാദ പരാമർശം പിൻവലിച്ച് കെ.ടി ജലീൽ, പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇടവരുത്തി, ദുര്‍വ്യാഖ്യാന കുറിപ്പിലെ വരികൾ പിൻവിക്കുന്നു: ജലീലിൽ

തിരുവനന്തപുരം / ന്യൂഡെൽഹി: ‘ആസാദ് കശ്മീർ’ പരാമർശം പിൻവലിച്ച് കെ.ടി ജലീൽ എം.എൽ.എ. കശ്മീര്‍ സന്ദര്‍ശനത്തെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കുറിപ്പിലെ വിവാദ പരാമർശങ്ങൾ പിൻവലിക്കുന്നതായി കെ.ടി ജലീൽ അറിയിച്ചത്. കുറിപ്പിലെ പരാമർശങ്ങൾ തെറ്റിദ്ധാരണകൾക്ക് ഇടവരുത്തിയത് ശ്രദ്ധയിൽപ്പെട്ടെന്നും ദുര്‍വ്യാഖ്യാനം ചെയ്ത കുറിപ്പിലെ വരികൾ പിൻവിക്കുന്നു എന്നുമായിരുന്നു ജലീലിൻ്റെ പ്രതികരണം.

പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ ‘ആസാദ് കാശ്മീരെ’ന്നും ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ ‘ഇന്ത്യൻ അധീന കശ്മീരെന്നും’ കെ.ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. ഇന്ത്യൻ അധീന കശ്മീരെന്ന മറ്റൊരു പ്രയോഗവും കുറിപ്പിലുണ്ട്. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്.

ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ വെള്ളിയാഴ്‌ച ആവശ്യപ്പെട്ടിരുന്നു. ജലീലിന് എം.എൽ.എ ആയിരിക്കാൻ അ‍ർഹതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ.ടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം നാളെക്കഴിഞ്ഞ് മറ്റന്നാൾ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിൻ്റെ ആരവങ്ങൾ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു. നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കാശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എൻ്റെ ശ്രദ്ധയിൽ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിൻ്റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

മുന്‍മന്ത്രി കെ.ടി ജലീലിന്‍റെ വിവാദ ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. കശ്മീര്‍ വിഷയത്തില്‍ രാജ്യതാത്പര്യത്തിന് എതിരായാണ് കെ.ടി ജലീല്‍ സംസാരിക്കുന്നത്. ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കില്‍ അവര്‍ രാജ്യദ്രോഹികളാണെന്നും മന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ ഇതില്‍ ശക്തമായ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

“കോൺഗ്രസിലോ കമ്മ്യൂണിസ്റ്റ് പാർട്ടിയിലോ ആണ് ഇത്തരക്കാര്‍ പ്രവർത്തിക്കുന്നത്. രാജ്യതാത്പര്യങ്ങൾക്ക് എതിരായാണ്‌ അവർ സംസാരിക്കുന്നത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്‌. പാകിസ്താന്റെ കൈവശമുള്ള കശ്മീരിനെ പാക് അധീന കശ്മീര്‍ എന്നാണ് നാം വിശേഷിപ്പിക്കാറ്. അതിന് പകരം ഇങ്ങനെയൊക്കെയാണ് വിശേഷിപ്പിക്കുന്നതെങ്കില്‍ അവർ രാജ്യദ്രോഹികളാണ്. ഇക്കാര്യത്തിൽ കേരള സർക്കാർ ശക്തമായ നടപടിയെടുക്കണം.” കേന്ദ്ര മന്ത്രി പറഞ്ഞു.

ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ

കെ.ടി ജലീലിൻ്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസെടുത്തില്ലെങ്കിൽ ബി.ജെ.പി നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിഷയത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വാതന്ത്യദിന ആഘോഷത്തിനിടെ ബോധപൂർവം നടത്തിയ പ്രസ്താവനയാണിത്. കശ്മീരിൻ്റെ കാര്യത്തിൽ ജലീലിൻ്റെ നിലപാടാണോ മുഖ്യമന്ത്രിക്കെന്നും സുരേന്ദ്രൻ ചോദിച്ചു. മുഖ്യമന്ത്രി ജലീലിൻ്റെ രാജി ആവശ്യപ്പെടണം.

മന്ത്രി എം.വി ഗോവിന്ദന്‍

ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍ എം.എല്‍.എയെ തള്ളി മന്ത്രി എം.വി ഗോവിന്ദന്‍. ജലീലിന്‍റേത് സി.പി.എം നിലപാടല്ല. ഇന്ത്യയെ സംബന്ധിച്ചും കശ്മീരിനെയും സംബന്ധിച്ചും പാര്‍ട്ടിക്കും വ്യക്തമായ നിലപാടുണ്ട്.അല്ലാതെ വരുന്നതൊന്നും പാർട്ടി നിലപാടല്ല. ജലീൽ എന്തടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് ജലീലിനോട് ചോദിക്കണണമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

0Shares