
ന്യൂഡല്‍ഹി: ഹിജാബ് ഇസ്ലാമിൻ്റെ അവശ്യ മതാനുഷ്ഠാനം അല്ലെന്ന് സ്ഥാപിക്കാന്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത
ഇസ്ലാം കാര്യങ്ങള്‍ തൊട്ട് യൂസുഫലിയുടെ ഖുര്‍ആന്‍ പരിഭാഷ വരെ വിധി പ്രസ്താവത്തില്‍ ഉദ്ധരിച്ചു.
ഇസ്ലാം കാര്യങ്ങള്‍ അഞ്ചാണെന്ന് വ്യക്തമാക്കി അവ കലിമ, നമാസ്, സകാത്, റമദാന്, ഹജ്ജ് എന്നിവയാണെന്ന് പറയുന്നുണ്ട്.
ശരീഅത്ത് പ്രകാരം അല്ലാഹുവിൻ്റെ ഹുക്മുകള്‍ ഫര്‍ദ്, ഹറാം, മന്ദൂബ്, മക്റൂഹ്, ജാഇസ് എന്നിവയാണെന്നും വിശദീകരിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് ഇസ്ലാമിൻ്റെ അവശ്യ മതാനുഷ്ഠാനമാണോ എന്ന് പരിശോധിക്കാന്‍ 1937ല്‍ അബ്ദുല്ല യുസുഫലി രചിച്ച ഖുര്‍ആന്‍ പരിഭാഷയില്‍ നിന്ന് അഞ്ച്
സൂക്തങ്ങളും ഉദ്ധരിച്ചു.

വിധി പ്രസ്താവത്തിൻ്റെ വലിയൊരു ഭാഗം ഇത് പരിശോധിക്കാനായി നീക്കിവെച്ച ജസ്റ്റിസ് ഗുപ്തക്ക് ഒടുവില്‍
ഹിജാബ് അവശ്യ മതാനുഷ്ഠാനമാണെന്ന് വിശ്വസിക്കുന്ന വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ തന്നെ ആ വിശ്വാസവും അതിൻ്റെ ചിഹ്നങ്ങളുമായി ഒരു മതേതര സ്കൂളിലേക്ക് പോകാനാകുമോ എന്നതാണ് തനിക്ക് മുന്നിലെ
ചോദ്യം എന്ന് പിന്നീട് പറയേണ്ടിയും വന്നു.
അതേസമയം ജസ്റ്റിസ് ധുലിയ അതിനൊന്നും മെനക്കെടാതെ ഹിജാബ് അവശ്യ മതാനുഷ്ഠാനമാണോ എന്ന വിഷയമേ കേസില്‍ പരിഗണനാര്‍ഹമല്ലെന്ന നിലപാട് സ്വീകരിച്ചു. സഞ്ജയ് ഹെഗ്ഡെ, ദേവദത്ത് കാമത്ത്, രാജീവ് ധവാന്, മീനാക്ഷി അറോറ, ജയ്ന കോത്താരി, സല്മാന് ഖുര്‍ശിദ്, എ.എം. ധര്, കപില്‍ സിബല്‍,
കോളിന് ഗോണ് സാല്‍വസ്, ആദിത്യ സോന്ധി, യൂസുഫ് മുച്ചാല, ഹുസേഫ അഹ്മദി, ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്, കിര്‍ത്തി സിങ്, ശുഐബ് ആലം, റഹ്മതുല്ല കോട്വാള്, തുള്‍സി കെ. രാജ്, മുഹമ്മദ് നിസാമുദ്ദീന്‍
പാഷ തുടങ്ങിയ പ്രഗല്ഭ അഭിഭാഷകരുടെ വാദം ശരിവെച്ച് ഒരു സ്ത്രീയുടെ തിരഞ്ഞെടുപ്പിനും
സ്വകാര്യതക്കുമുള്ള മൗലികാവകാശം ആണെന്ന വാദത്തിന് അടിവരയിടുകയും ചെയ്തു.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജുമാണ്
കര്‍ണാടക സര്‍ക്കാറിൻ്റെ പക്ഷത്ത് നിന്ന് വിലക്കിനായി വാദിച്ച പ്രമുഖ അഭിഭാഷകര്‍.
