അന്താരാഷ്ട്ര യോഗ ദിനാചരണം; കൊച്ചിലെ മാസ് യോഗ കേന്ദ്രമന്ത്രി വി.കെ സിങ് ഉദ്ഘാടനം ചെയ്തു

You are currently viewing അന്താരാഷ്ട്ര യോഗ ദിനാചരണം; കൊച്ചിലെ മാസ് യോഗ കേന്ദ്രമന്ത്രി വി.കെ സിങ് ഉദ്ഘാടനം ചെയ്തു

കൊച്ചി: അന്താരാഷ്ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ച്‌ ഫോര്‍ട്ട്‌ കൊച്ചി പരേഡ് ഗ്രൗണ്ടില്‍ കേന്ദ്രമന്ത്രി ജനറല്‍ വി.കെ സിങിൻ്റെ നേതൃത്വത്തില്‍ മാസ്സ് യോഗ പ്രദര്‍ശനം നടന്നു. പുലര്‍ച്ചെ അഞ്ചുമുതല്‍ ആരംഭിച്ച യോഗ പ്രദര്‍ശനം 8.30 വരെ നീണ്ടു. കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പ്രദര്‍ശനത്തില്‍ പങ്കാളികളായി. യോഗ ഗുരു ഡോ. ജയ്‌ദേവ് യോഗ പ്രദര്‍ശനം നയിച്ചു.

അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയപാത വികസന അതോറിറ്റിയാണ് മാസ് യോഗ പ്രദര്‍ശനം കൊച്ചിയില്‍ സംഘടിപ്പിച്ചത്. പ്രദര്‍ശനത്തിന് മുന്നോടിയായി കൊച്ചിയിലെ ദിനാഘോഷം കേന്ദ്ര മന്ത്രി വി.കെ സിങ് ഉദ്ഘാടനം ചെയ്തു.

യോഗ മനുഷ്യനെ അന്തരികമായും ശരീരികമായും സൗന്ദര്യം ഉള്ളവരാക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് എങ്കിലും യോഗ ചെയ്യുന്നവര്‍ക്ക് പ്രകടമായ മാറ്റം ഉണ്ടാകും. യോഗ രാജ്യത്തിൻ്റെ സംസ്‌കാരിക പാരമ്പര്യത്തിൻ്റെ ഭാഗമാണെന്നും നൂറ്റാണ്ടുകളായി ഈ സംസ്‌കാരം ഇവിടെ തുടര്‍ന്ന് പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നുഭാഗങ്ങള്‍ ആയാണ് യോഗ പ്രവര്‍ത്തിക്കുന്നത്. വിവിധ ആസനങ്ങളിലൂടെ യോഗ ശരീരത്തെ ഒരുക്കുന്നു. ഈ ആസനങ്ങള്‍ ശരീരത്തിന് താളം നല്‍കുന്നു. പ്രാണായാമം ശീലമാക്കുന്നത് വഴി ആന്തരിക അവയവങ്ങള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുകയും ആന്തരിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാവുകയും ചെയ്യുന്നു. മൂന്നാമത്തെ ഭാഗമാണ് ധ്യാനം. ധ്യാനം ആന്തരിക ഊര്‍ജത്തെ കൂടുതല്‍ പ്രകാശിപ്പിക്കുന്നു. യോഗ ശരീര സൗഖ്യത്തെയും അന്തരിക ഊര്‍ജത്തെയും സമാധാനത്തെയും സന്തോഷത്തെയും പ്രധാനം ചെയ്യുമെന്നതില്‍ സംശയമില്ലെന്നും മന്ത്രി പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി കൊച്ചി, തിരുവനനന്തപുരം ഉള്‍പ്പെടെ രാജ്യത്തിൻ്റെ 75 നഗരങ്ങളിലാണ് യോഗദിനം വിപുലമായി ആഘോഷിച്ചത്. ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരില്‍ നിന്ന് ലോകത്തെ അഭിസംബോധന ചെയ്തു. ലോക ജനതയ്ക്ക് വേണ്ടിയുള്ളതാണ് യോഗയെന്നും യോഗയിലൂടെ വ്യക്തികള്‍ക്കും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും സമാധാനം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

യോഗ മാനവസമൂഹത്തിന് എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനത്തിൻ്റെ സന്ദേശം. 75 രാജ്യങ്ങളില്‍ യോഗ പ്രദര്‍ശനത്തിൻ്റെ ലൈവ് കവറേജ് ഉണ്ടായിരുന്നു. കൊച്ചിയില്‍ നടന്ന യോഗാ ദിനാഘോഷത്തിലും പ്രദര്‍ശനത്തിലും ദേശീയ പാത അതോറിട്ടി അഡീഷണല്‍ സെക്രട്ടറി അമിത് ഘോഷ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, എന്‍.എച്ച്‌.എ കേരള റിജിയണല്‍ ഓഫീസര്‍ ബി.എല്‍ ബീന, സതേണ്‍ നേവല്‍ കമാന്‍ഡ് ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ സി.ആരതി തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares