
ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധിയെ ഇ.ഡി അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് വ്യാപക പ്രചാരണമുണ്ട്. ചോദ്യം ചെയ്യലിന് ശേഷം രാഹുല്‍ ഗാന്ധിയെ അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. രണ്ടാം ദിവസം നടന്ന ചോദ്യം ചെയ്യലില്‍ എല്ലാ ചോദ്യങ്ങള്‍ക്കും രാഹുലിൻ്റെ ഭാഗത്തുനിന്ന് തൃപ്തികരമായ മറുപടി ലഭിക്കാതെ വന്നതോടെയാണ് ഇന്നും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഇ.ഡി വ്യത്തങ്ങള്‍ പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരായതിൻ്റെ രണ്ടാം ദിവസം രാഹുല്‍ ഗാന്ധിയെ 10 മണിക്കൂറിലധികം ചോദ്യം ചെയ്തു. രാഹുല്‍ ഗാന്ധിയുടെ മൊഴിയെടുപ്പില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പ്രതിഷേധം തുടരുകയാണ്. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. പ്രതിഷേധ പ്രകടനം നടത്തിയ ഒട്ടേറെ മുതിര്‍ന്ന നേതാക്കളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസങ്ങളിലേക്കാള്‍ രൂക്ഷമായ സമരമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ഡല്‍ഹിയിലെ തെരുവില്‍ ഉയര്‍ത്തിയത്. ബാരിക്കേഡ് തകര്‍ക്കാര്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് വിരട്ടിയോടിക്കാന്‍ ശ്രമിച്ചു. പോലീസിനുനേരേ പ്രകോപനം സൃഷിച്ച ചില പ്രവര്‍ത്തകര്‍ എ.ഐ.സി.സി ഓഫീസില്‍ ഓടിക്കയറി.

ഇവരെ പിന്തുടര്‍ന്നാണ് ഡല്‍ഹി പോലീസ് കോണ്‍ഗ്രസ് ആസ്ഥാനത്തിൻ്റെ ഗേറ്റിനുള്ളില്‍ കടന്നത്. ഇതേ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ആഷിര്‍ രഞ്ജബ് ചൗധരി, കെസി വേണുഗോപാല്‍, ഭൂപേഷ് ബാഗേല്‍, അജയ് മാക്കന്‍, ഗൗരവ് ഗൊഗോയ് എന്നിവര്‍ ഗേറ്റിന് പുറത്ത് സത്യാഗ്രഹം ആരംഭിച്ചു. ചരിത്രത്തിലൊരിക്കലും എ.ഐ.സി.സി ആസ്ഥാനത്ത് പോലീസ് അതിക്രമിച്ച് കയറിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു.
പോലീസുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഇഡി ഓഫീസിന് പുറത്ത് അധിക സേനയെ വിന്യസിച്ചു. നിരോധന ഉത്തരവുകളും കനത്ത പോലീസ് ബാരിക്കേഡുകളും അവഗണിച്ച് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി ഓഫീസിന് പുറത്ത് പ്രതിഷേധം നടക്കുന്നത്. ഇപ്പോള്‍ സ്ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.

എന്നാല്‍ രാഹുലിനെ അറസ്‌റ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പറഞ്ഞു. രാഹുലിനെതിരായ ഇ.ഡി നടപടി തുടരുന്നിടത്തോളം പ്രതിഷേധം തുടരുമെന്നും ബാഗല്‍ പറഞ്ഞു. ഒരു കേസ് പോലുമില്ലാതെ ഇ.ഡിക്ക് രാഹുല്‍ ഗാന്ധിയെ അറസ്‌റ്റ് ചെയ്യാമെന്നും ഭൂപേഷ് ബാഗല്‍ പരിഹസിച്ചു. എന്നാല്‍, രാഹുല്‍ ഗാന്ധിയെ ഇ.ഡി അറസ്‌റ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. കേസില്‍ അദ്ദേഹത്തിനെതിരേ തെളിവുകളൊന്നുമില്ല. ഇപ്പോള്‍ നടക്കുന്നത് രാഹുല്‍ ഗാന്ധിയുടെ പ്രതിഛായ തകര്‍ക്കാനുള്ള ശ്രമമാണ്. രാഹുല്‍ ഗാന്ധിയെ പീഡിപ്പിക്കാനും കോണ്‍ഗ്രസിനെ മോശക്കാരാക്കാനുമാണ് ശ്രമമെന്നും ബാഗല്‍ ആരോപിച്ചു.
