ഒരു പതിറ്റാണ്ട് മുമ്പ് ലോകത്ത് പതിനൊന്നാമത്; ഇന്ന് അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ

You are currently viewing ഒരു പതിറ്റാണ്ട് മുമ്പ് ലോകത്ത് പതിനൊന്നാമത്; ഇന്ന് അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ

ന്യൂഡല്‍ഹി: ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ. അഞ്ചാമതായിരുന്ന യു.കെയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ നേട്ടം കൈവരിച്ചതെന്ന് അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നുള്ള ജി.ഡി.പി കണക്കുകള്‍ ഉദ്ധരിച്ച്‌ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021ലെ അവസാന മൂന്ന് മാസങ്ങളില്‍ ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് തള്ളി ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്നാണ് റിപ്പോര്‍ട്ടുകള്‍.

അവസാന പാദത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ‘നാമമാത്ര’ മൂല്യം 854.7 ബില്യണ്‍ ഡോളറായിരുന്നു. യു.കെയില്‍ ഇത് 814 ബില്യണ്‍ ഡോളറായിരുന്നു.

അവസാന ദിനത്തിലെ ഡോളര്‍ വിനിമയ നിരക്ക് അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകള്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തിൻ്റെ ആദ്യ പാദത്തിലും ഇന്ത്യ ലീഡ് നിലനിര്‍ത്തിയിരുന്നു എന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ ജി.ഡി.പി കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെയും യു.കെയുടെയും സമീപ മാസങ്ങളിലെ സാമ്പത്തിക പാതയാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വേഗത്തിലുള്ള പണപ്പെരുപ്പത്തിനാണ് യു.കെ സാക്ഷ്യം വഹിക്കുന്നത്. 2024 വരെ നീണ്ടുനില്‍ക്കുന്ന മാന്ദ്യ ഭീഷണി രാജ്യം നേരിടുന്നുണ്ടെന്ന് ബാങ്ക് ഒഫ് ഇംഗ്ലണ്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബോറിസ് ജോണ്‍സൻ്റെ രാജിയെ തുടര്‍ന്നുള്ള നേതൃമാറ്റത്തിനിടയില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് ഏറ്റവും പുതിയ സാമ്പത്തിക പ്രകടനം. അതേസമയം,​ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷം ഏഴ് ശതമാനത്തിലധികം വളര്‍ച്ച നേടുമെന്നാണ് കണക്കുകൂട്ടല്‍. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് ഇന്ത്യ ലോകത്തിലെ പതിനൊന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു.

0Shares