
കാസർകോട്: അഞ്ച് വയസ്സുകാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ടാനച്ഛനെതിരെ കേസ്. കാസറഗോഡ് വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ടാനച്ഛൻ ഷൗക്കത്തലി അഞ്ച് വയസ്സുകാരനെ ക്രൂരമായി മർദ്ദികുന്ന ദൃശ്യം അയൽവാസി മൊബൈലിൽ പകർത്തി പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് മാധ്യമങ്ങളിൽ വാർത്തയായതോടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് (ജെജെ) ആക്ട് ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് രണ്ടാനച്ഛൻ ഷൗക്കത്തലിയെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ നിരന്തരം ക്രൂരമായി മർദ്ദിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതയും പറയുന്നു. തുടർന്നാണ് തെളിവ് കയ്യിൽ കിട്ടാനായി ദൃശ്യം മൊബൈലിൽ പകർത്തിയത്. തെളിവ് ലഭിച്ചതോടെ സംഭവത്തിൽ കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. ഐസ് വെച്ച് തലയ്ക്കും മുഖത്തും മുതുകിനും മർദ്ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. തുടർന്ന് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
സംഭവം അറിഞ്ഞിട്ടും ഇടപെടാതിരുന്ന മാതാവിനെതിരെയും കേസെടുക്കണമെന്നാണ് ആവശ്യം. എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. യുവതിക്ക് 13, 9, 5 വയസ്സുള്ള മൂന്ന് കുട്ടികളാണുള്ളത്. നാല് വർഷം മുമ്പ് യുവതി ആദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. തുടർന്നാണ് ഷൗക്കത്തലിയുമായി വിവാഹിതയായത്. മർദ്ദനമേറ്റ അഞ്ച് വയസ്സുകാരൻ ആദ്യം സ്വന്തം പിതാവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. പിന്നീട് മാതാവ് കോടതിയെ സമീപിച്ചതിനെ തുടർന്ന് നാല് മാസം മുമ്പാണ് കുട്ടിയെ മാതാവിനൊപ്പം താമസിക്കാൻ കോടതി അനുമതി നൽകിയതെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) മേൽനോട്ടം ഉറപ്പാക്കിയാതായി ഉദ്യോഗസ്ഥർ അറിയിച്ചു.
