
കുറ്റിക്കോൽ/ കാസർകോട്: മനസുകൊണ്ട് വിപ്ലകാരിയും പ്രാണൻ കലാപ്രവർത്തനത്തിനും നൽകിയ ഇടത്-കർഷക പ്രസ്ഥാനത്തിന്‍റെ സഹയാത്രികൻ കെ.അച്ചുതൻ (61) അന്തരിച്ചു. കുറ്റിക്കോൽ, തൊട്ടിയിൽ താമസക്കാരനാണ്. അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ ആറുമണിയോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അന്ത്യം. ആദ്യകാല പാർട്ടി പ്രവർത്തനങ്ങളിൽ നേതാൾക്കൊപ്പം മുൻപന്തിയിലുണ്ടായിരുന്നു അച്യുതൻ.

1970-80 കാലഘട്ടത്തിൽ കാസർകോട്ട് മന്ത്രി കെ.പി നൂറുദ്ദീനെതിരെ കരിങ്കൊടി കാണിക്കാൻ പാർട്ടി നിർദ്ദേശപ്രകാരം കുറ്റിക്കോലിൽ നിന്ന് പോയ യുവാക്കളുടെ കൂട്ടത്തിൽ ഉണ്ടാവുകയും പോലീസിന്‍റെ മർദ്ദനം ഏൽക്കേണ്ടി വരികയും ചെയ്തു. മർദ്ദനത്തിൽ അദ്ദേഹത്തിന്‍റെ ചെവിയുടെ കർണ്ണപടം പൊട്ടി ആശുപത്രിയിലായി. ഇതോടെ ഇരു ചെവിയുടെയും കേൾവി നഷ്ടപ്പെട്ടു. അടിയന്തിരാവസ്ഥയിൽ പോലീസ് അന്വേഷിച്ച് വീട്ടിലെത്തി. പോലീസ് വരുന്നതറിഞ്ഞു കൃഷ്ണ പിള്ളയുടെയും എ.കെ.ജി യുടെയും മറ്റും ചിത്രങ്ങൾ വീടിന്‍റെ മച്ചിൻ പുറത്ത് ഒളിപ്പിച്ചുവെച്ചു. എന്നിട്ടും പിടിച്ചുകൊണ്ടുപോയി ക്രൂരമർദ്ദനത്തിനിരയാക്കുകയും ചെയ്തു.
നല്ലൊരു കലാഹൃദയനായ അച്ചുതൻ ചിത്രകാരൻ കൂടിയാണ്. നാടക പ്രേമിയും വിപ്ലവഗാന പാട്ടുകാരനുമായിരുന്നു. കുറ്റിക്കോലിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ സൺഡേ തീയറ്ററിന്‍റെ പ്രവർത്തകനായിരുന്നു. പരേതരായ കെ.ഗോവിന്ദൻ ജോത്സ്യർ-പാർവതി അമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ ലഷ്മി (പാചക തൊഴിലാളി, എ.യു.പി.സ്കൂൾ കുറ്റിക്കോൽ). അഭിലാഷ് (ഫോട്ടോഗ്രാഫർ), ശ്രീകല മക്കളാണ്. കിരൺ തൃശൂർ, ലാവണ്യ ബേഡകം മരുമക്കൾ. ലക്ഷ്മി, കെ.ബാലകൃഷ്ണൻ ജോത്സ്യർ (റിട്ട.സെക്രട്ടറി, കുറ്റിക്കോൽ സർവീസ് സഹകരണ ബാങ്ക്), ദേവകി (റിട്ടയേർഡ് അധ്യപിക), രത്നാവതി (ജില്ലാ സഹകരണ ബാങ്ക്, തളങ്കര), കെ.പ്രഭാകരൻ (കൃഷി അസി.ഓഫീസർ, കള്ളാർ), പരേതയായ ശാരദ എന്നിവർ സഹോദരങ്ങളാണ്. അച്യുതന്‍റെ മരണത്തിൽ നാടൊന്നാകെ അനുശോചിച്ചു.
