32 കാരനായ ഭർത്താവ് ആശുപത്രിയിൽ; നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ; മരണത്തെ മുഖാമുഖം കാണുന്ന ഭർത്താവിൽ നിന്നും തനിക്ക് ഗര്‍ഭം ധരിക്കണമെന്ന ആഗ്രവുമായി ഭാര്യ; അടിയന്തര സ്വഭാവം പരിഗണിച്ച്‌ കോടതി ഇടപെടൽ; പിന്നീട് സംഭവിച്ചത്

You are currently viewing 32 കാരനായ ഭർത്താവ് ആശുപത്രിയിൽ; നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ; മരണത്തെ മുഖാമുഖം കാണുന്ന ഭർത്താവിൽ നിന്നും തനിക്ക് ഗര്‍ഭം ധരിക്കണമെന്ന ആഗ്രവുമായി ഭാര്യ; അടിയന്തര സ്വഭാവം പരിഗണിച്ച്‌ കോടതി ഇടപെടൽ; പിന്നീട് സംഭവിച്ചത്

അഹമ്മദാബാദ്: മരണാസന്നനായ ഭര്‍ത്താവിൻ്റെ ഓര്‍മക്കായി അദ്ദേഹത്തിൻ്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ അനുവദിക്കണമെന്ന ഭാര്യയുടെ ആവശ്യത്തിന് ഗുജറാത്ത് ഹൈക്കോടതിയുടെ പച്ചക്കൊടി. ബീജം ശേഖരിക്കുന്നതിന് കോടതി ഇടക്കാല അനുമതി നല്‍കി. കോവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവില്‍ നിന്നാണ് ബീജം ശേഖരിക്കുന്നത്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.

യുവതിയുടെ ഭര്‍ത്താവായ 32കാരന് മെയ്‌ 10നാണ് കോവിഡ് ബാധിച്ചത്. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നത്. എട്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

വഡോദരയിലെ ആശുപത്രിയിലാണ് ഭര്‍ത്താവ് ചികിത്സയിലുള്ളത്. ദിവസങ്ങൾക്കകം ഇദ്ദേഹം മരണപ്പെട്ടേക്കുമെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതോടെ ഭാര്യ തൻ്റെ ആഗ്രഹം കുടുംബത്തെ അറിയിക്കുകയായിരുന്നു. മരണത്തിലേക്ക് നീങ്ങുന്ന ഭര്‍ത്താവിൻ്റെ രക്തത്തിലുള്ള കുഞ്ഞിനെ ഗര്‍ഭം ധരിക്കണമെന്നായിരുന്നു യുവതിയുടെ ആഗ്രഹം. കുടുംബം ആശുപത്രി അധികൃതരോട് ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍, ഭര്‍ത്താവ് അബോധാവസ്ഥയിലായതിനാല്‍ കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ബീജം ശേഖരിക്കാനാകൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടർന്നാണ് ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുന്നത്.

യുവതിയുടെ ഭര്‍ത്താവ് അബോധാവസ്ഥയിലായതിനാല്‍ അദ്ദേഹത്തില്‍ നിന്ന് അനുമതി നേടുക അസാധ്യമാണെന്ന് വിലയിരുത്തിയ കോടതി, സാഹചര്യത്തിൻ്റെ അടിയന്തര സ്വഭാവം പരിഗണിച്ച്‌ കൃത്രിമമാര്‍ഗത്തിലൂടെ ബീജം ശേഖരിക്കാന്‍ ആശുപത്രിക്ക് ഇടക്കാല അനുവാദം നല്‍കുകയായിരുന്നു. മെഡിക്കല്‍ ഉപദേശം ലഭിക്കുംവരെ ഇത് സുരക്ഷിതമായി സൂക്ഷിച്ചുവെക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യത്തിലാണ് ഇടക്കാല അനുമതി നല്‍കിയതെന്നും ഹരജി 23ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കോടതി അനുമതി ലഭിച്ച ഉടൻ തന്നെ യുവാവിൻ്റെ ബീജം ആശുപത്രി അധികൃതർ ശേഖരിച്ചതായാണ് വിവരം. കോവിഡിന് പിന്നാലെ ബൈലാറ്ററല്‍ ന്യൂമോണിയയും അവയവങ്ങള്‍ തകരാറിലാകുന്ന അസുഖവും യുവാവിനുണ്ടായതായും അതാണ് നില ഗുരുതരമാകാൻ കരണമെന്നുമാണ് റിപ്പോർട്ട്.

യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരുന്ന കാര്യം അസാധ്യമായതിനാലും അദ്ദേഹത്തിന് ഈ സാഹചര്യത്തിൽ അനുമതി നല്‍കാന്‍ സാധിക്കാത്തതിലുമാണ് കോടതിയുടെ അനുമതി ആവശ്യമായി വന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബീജം ശേഖരിച്ച്‌ കൃത്രിമ ഗര്‍ഭധാരണത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. കുടുംബത്തിനൊപ്പം നിലകൊള്ളുന്നുവെന്നും ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു.

2020 ഒക്ടോബറില്‍ വിവാഹിതരായ ഈ ദമ്പതികൾ കാനഡയിലായിരുന്നു. യുവാവിൻ്റെ പിതാവിന് ഹൃദയസംബന്ധമായ അസുഖം ബാധിച്ചതിനാൽ കഴിഞ്ഞ മാര്‍ച്ചിലാണ് ഇവര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്നാണ് കോവിഡ് ബാധിച്ചതും നില ഗുരുതരമായതെന്നും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

0Shares