ഗോ ഗ്രീന്‍ പദ്ധതിയുമായി ഹയര്‍ സെക്കന്ററി എന്‍. എസ്. എസ്; മാറ്റത്തെ അഭിസംബോധന ചെയ്യാനുള്ള ശേഷി മനുഷ്യര്‍ക്കുണ്ടാകണം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

You are currently viewing ഗോ ഗ്രീന്‍ പദ്ധതിയുമായി ഹയര്‍ സെക്കന്ററി എന്‍. എസ്. എസ്; മാറ്റത്തെ അഭിസംബോധന ചെയ്യാനുള്ള ശേഷി മനുഷ്യര്‍ക്കുണ്ടാകണം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

കാസർകോട്: ഗാന്ധി ജയന്തി ദിനത്തില്‍ ജില്ലാ ഹയര്‍ സെക്കന്ററി എന്‍.എസ്.എസ്. സംഘടിപ്പിച്ച ഗോ ഗ്രീന്‍ പദ്ധതിയ്ക്ക് തുടക്കമായി. കുട്ടമത്ത് ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന പരിപാടി ഓണ്‍ലൈനായി നിയമാ സഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാറ്റത്തെ അഭിസംബോധന ചെയ്യാനുള്ള ശേഷി മനുഷ്യന് ഉണ്ടാകണമെന്നും മാറുന്ന കാലത്തിന്‍റെ സാഹചര്യത്തോട് പുറംതിരിഞ്ഞും പേടിച്ചും ഖേദിച്ചും ഒറ്റപ്പെട്ട് നില്‍ക്കുന്നതിനും പകരം പുതിയ രീതിയില്‍ അതില്‍ എങ്ങനെ ഇടപെടാം എന്നുള്ള ശ്രമങ്ങളാണ് എന്‍. എസ്. എസ് നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

എം. രാജഗോപാലന്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 5000 എന്‍. എസ്. എസ് വളണ്ടിയര്‍ മാര്‍ക്ക് ഓണ്‍ലൈനില്‍ ഖരമാലിന്യ സംസ്‌കരണം, കമ്പോസ്റ്റിങ് നിര്‍മാണം, ജലശുദ്ധത പരിശോധന, ഊര്‍ജ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും. കോവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ കഴിയുന്ന വളണ്ടിയര്‍മാര്‍ പ്രവര്‍ത്തനം സ്വന്തം വീടുകളിലും കോവിഡ് മാനദണ്ഡം പാലിച്ച് അയല്‍ വീടുകളിലും നടപ്പിലാക്കും.

എന്‍. എസ്. എസ് സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍ മുഖ്യാതിഥിയായി.ഗാന്ധിയന്‍ ആശയങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ എന്‍. എസ്. എസ് ഉത്തരമേഖല ആര്‍. പി. സി. കെ .മനോജ് കുമാര്‍ പ്രഭാഷണം നടത്തി. എന്‍. എസ്. എസ് ജില്ല കണ്‍വീനര്‍ വി. ഹരിദാസ്, പി.ടി.എ പ്രസിഡണ്ട് എം.രാജന്‍, പ്രിന്‍സിപ്പാള്‍ ടി. സുമതി, ഹെഡ്മാസ്റ്റര്‍ കെ.ജയചന്ദ്രന്‍, കെ.എസ്.എസ്.പി ജില്ലാ പ്രസിഡണ്ട് കെ.പ്രേംരാജ്, സി.വി. രവീന്ദ്രന്‍, പി.എ.സി മെമ്പര്‍മാരായ ഷാഹുല്‍ ഹമീദ്, എം.രാജീവന്‍, കെ.വി.രതീഷ്, സി. പ്രവീണ്‍ കുമാര്‍, എം.മണികണ്ഠന്‍ ,ടി. അരുണ എന്നിവര്‍ സംസാരിച്ചു

പദ്ധതി കുമ്പള മേഖലാ ഉദ്ഘാടനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ നിര്‍വ്വഹിച്ചു. എന്‍. എസ്. എസ് ജില്ലാ കോര്‍ഡിനേറ്റര്‍ വി. ഹരിദാസ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീധരന്‍ കൈതപ്രം മുഖ്യാതിഥിയായി. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് കെ. കെ രാഘവന്‍ ക്ലാസെടുത്തു. എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ ഷാഹുല്‍ ഹമീദ്, സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

0Shares