ആര്‍ത്തവ വിരാമം; സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

  • Post category:health / Kerala / news
  • Reading time:2 mins read
You are currently viewing ആര്‍ത്തവ വിരാമം; സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എല്ലാ വര്‍ഷവും ഒക്ടോബര്‍ 18 ലോക ആര്‍ത്തവ വിരാമ ദിനമായാണ് ആചരിക്കുന്നത്. ആര്‍ത്തവ വിരാമത്തെ കുറിച്ചും ആരോഗ്യം സംരക്ഷിക്കുന്നതിനെ കുറിച്ചും അവബോധം നല്‍കുക എന്നതാണ് ഈ ദിനത്തിൻ്റെ ലക്ഷ്യം.

ആര്‍ത്തവ വിരാമം

സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യവുമായി ബന്ധപ്പെട്ട ഘട്ടമാണ് ആര്‍ത്തവ വിരാമം. ആര്‍ത്തവ വിരാമം നിരവധി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാക്കുന്നു. 45 വയസ്സിന് മുകളിലുള്ള സ്ത്രീകളില്‍ സാധാരണയായി സംഭവിക്കുന്ന ഒന്നാണ് ആര്‍ത്തവ പ്രവര്‍ത്തനങ്ങളുടെ വിരാമം. ആര്‍ത്തവ വിരാമത്തിൻ്റെ ശരാശരി പ്രായം 46 വയസ്സാണ്. എന്നാല്‍ ഇത് 40 നും 54 നും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്.

ഓരോ സ്ത്രീകളിലും വ്യത്യസ്തമായ രീതിയിലാണ് ആര്‍ത്തവ വിരാമം സംഭവിക്കുക. ചില സ്ത്രീകള്‍ക്ക് ഒന്നോ അതിലധികമോ പിരീഡുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടാം അല്ലെങ്കില്‍ കാലതാമസം ഉണ്ടാകാം. അതേപോലെ ആര്‍ത്തവ രക്തത്തിൻ്റെ അളവിലും മാറ്റം വരാം. ഒരു വര്‍ഷത്തോളം ആര്‍ത്തവം ഇല്ലാതിരിക്കുന്നതും ആര്‍ത്തവ വിരാമത്തെയാണ് സൂചിപ്പിക്കുന്നത്.

പല തരത്തിലുള്ള ലക്ഷണങ്ങളോടെയാണ്‌ സ്ത്രീകളിൽ ആര്‍ത്തവ വിരാമം ഉണ്ടാകുന്നത്. കൃത്യമല്ലാത്ത ആര്‍ത്തവം, ശരീരത്തിന് ചൂട് അനുഭവപ്പെടുക, വിയര്‍ക്കുക, ഉറക്കമില്ലായ്‌മ, മാനസിക അവസ്ഥയിലെ മാറ്റങ്ങള്‍, നടുവേദന തുടങ്ങി പലതരം ലക്ഷണങ്ങളാണ് സ്ത്രീകളുടെ ശരീരം ഈ സമയത്ത് പ്രകടിപ്പിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. ആര്‍ത്തവ വിരാമ സമയത്ത് പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും ആന്റിഓക്സിഡണ്ടുകളും നിറഞ്ഞതാണ് പഴങ്ങളും പച്ചക്കറികളും.
  2. ഉയര്‍ന്ന നാരുകള്‍ അടങ്ങിയ ഇലക്കറികള്‍, ബീന്‍സ്, ധാന്യങ്ങള്‍ എന്നിവയും കഴിക്കേണ്ടതാണ്. പാലുല്‍പ്പന്നങ്ങളും ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങളും പോഷക ആഹാരത്തിൻ്റെ നല്ല ഉറവിടങ്ങളാണ്.
  3. ഭക്ഷണത്തില്‍ ഫൈറ്റോ ഈസ്ട്രജന്‍ ചേര്‍ക്കുക. ശരീരത്തിലെ ഈസ്ട്രജൻ്റെ ഫലങ്ങളെ അനുകരിക്കുന്ന പ്രകൃതിദത്തമായ സസ്യ സംയുക്തങ്ങളാണ് ഇവ. ഇത് ആര്‍ത്തവ വിരാമ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും. സോയാബീന്‍, ടോഫു, ഫ്‌ളാക്‌സ് സീഡുകള്‍, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ഫൈറ്റോ ഈസ്ട്രജൻ്റെ മികച്ച ഉറവിടങ്ങളാണ്.
  4. ഈസ്ട്രജൻ്റെ അളവ് കുറയുന്നത് അസ്ഥികളുടെ നഷ്ടത്തിലേക്ക് നയിച്ചേക്കാം. ഇത് ഓസ്റ്റിയോ പൊറോസിസ് സാധ്യത വര്‍ധിപ്പിക്കും. ഈ സമയത്ത് എല്ലുകളുടെ ബലം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
  5. കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങളോ സപ്ലിമെണ്ടുകളോ കഴിക്കുക, വിറ്റാമിന്‍ ഡിയുടെ മതിയായ അളവ് ഉറപ്പാക്കുക.
  6. ഹോര്‍മോണ്‍ മാറ്റങ്ങള്‍ ചര്‍മ്മത്തിലെ ജലാംശം കുറയുന്നതിന് കാരണമാകുന്നു. ചര്‍മ്മം മൃദുലമാക്കാനും മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും ധാരാളം വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക. ആര്‍ത്തവ വിരാമ സമയത്ത് മസാലകള്‍, കഫീന്‍, മദ്യം, പുകവലി തുടങ്ങിയവ ഒഴിവാക്കുക.
  7. പതിവായി വ്യായാമം ചെയ്യുക. പതിവ് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശരീരഭാരം നിയന്ത്രിക്കാനും മാനസികാവസ്ഥ വര്‍ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

മേല്പറഞ്ഞതിൽ നിന്നും ചില ഘട്ടങ്ങളിൽ ആർത്തവ വിരാമ സമയത്ത് ഉണ്ടായേക്കാവുന്ന ശാരീരിക ബുദ്ധിമുട്ടുകൾ നിയന്ത്രിക്കാൻ പറ്റാത്ത സമയങ്ങളിൽ വിദഗ്‌ധ ഗൈനക്കോളജി ഡോക്ടറുടെ സേവനം തേടണം.

“പല സ്ത്രീകളും ആർത്തവ വിരാമ ബുദ്ധിമുട്ടാണെന്ന് കരുതി ആരോഗ്യ പ്രശ്ന്ങ്ങളിൽ ചികിത്സ തേടാതെ സ്വയം ബുദ്ധിമുട്ടുകൾ സഹിക്കുന്നത് കാണാറുണ്ട്. അതിനാൽ തന്നെ കടുത്ത മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകുകയും വിഷാദ രോഗം വരെ ഉണ്ടാകാനും ഇടയുണ്ട്.”- കസൾട്ടൻണ്ട് ഗൈനക്കോളജിസ്റ്റ് ഡോ. ശോഭ.എ (ഇ.കെ.എൻ.എം ഗവൺമെണ്ട്, അമ്മയും കുഞ്ഞും ആശുപത്രി, മാങ്ങാട്ടുപറമ്പ, കണ്ണൂർ) ചാനൽ ആർ.ബിയോട് പറഞ്ഞു.

“ശരീരം അമിതമായി ചൂടെടുക്കൽ, അസഹ്യമായ നടുവേദന, മൂത്രശങ്ക ബുദ്ധിമുട്ടുകൾ, യോനി വരൾച്ച, അമിതമായ തലവേദന, ലൈംഗീക താല്പര്യ കുറവ്, വിരക്‌തി, ഉറക്കക്കുറവ്, തുടങ്ങിയവ ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ ജീവിത പങ്കാളിയിൽ നിന്നും സ്ത്രീക്ക് മാനസികമായ സഹകരണം അത്യാവശ്യമാണ്‌.” -ഡോ. ശോഭ പറഞ്ഞു.

0Shares