സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കാസർകോട് തീരവും മലയോരവും ദുരന്ത ഭീഷണിയിൽ, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, വ്യാപക നാശം

You are currently viewing സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കാസർകോട് തീരവും മലയോരവും ദുരന്ത ഭീഷണിയിൽ, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, വ്യാപക നാശം

കാസർകോട് / തിരുവനന്തപുരം: കാസർകോട് ജില്ലയിലെ നഗരത്തിലെ മിക്ക റോഡുകളും ചെളിവെള്ളം നിറഞ്ഞ തോടായി മാറിയിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. കുമ്പള റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറി. മലയോരത്തു നിരവധി വീടുകൾ തകർന്നു. വ്യാപകമായി കൃഷിയും നശിച്ചു. നദികളും തോടുകളും കരകവിഞ്ഞു ഒഴുകുകയാണ്.

കനത്ത മഴയെത്തുടർന്ന് വെള്ളം കയറിയതിനാൽ കാഞ്ഞങ്ങാട്, മടിക്കൈയിൽ 11 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വാഴക്കൃഷി ഉൾപ്പെടെ കനത്ത നാശമുണ്ടായി. കക്കാട്ട് കുതിരുമ്മൽ കുഞ്ഞിപ്പെണ്ണ്, മൊട്ടക്കണ്ടത്തിൽ നാരായണി, ആറ്റിപ്പിൽ നാരായണി, പണ്ടാരത്തിൽ ജാനകി, വാഴവളപ്പിൽ വിനു, എ.ചന്ദ്രൻ, ആറ്റിപ്പിൽ നാരായണൻ, ചാളക്കടവ് മണക്കടവിലെ കുടുക്കിൽ ഭാസ്കരൻ, കുടുക്കിൽ മാധവി തുടങ്ങിയ കുടുംബങ്ങളാണ് വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് കുടിയൊഴിഞ്ഞത്.

ആറ്റിപ്പിൽ നാരായണൻ്റെ ഓടുമേഞ്ഞ വീട് തെങ്ങ് പൊട്ടിവീണ് ഭാഗികമായി നശിച്ചു. കക്കാട്ട്, പന്നിപ്പള്ളി, തലയത്ത് വയൽ, മടിക്കൈ വയൽ, കരുവക്കൈ, ആലയി വയൽ, മുണ്ടോട്ട്, പള്ളത്ത് വയൽ, മൂലായിപ്പള്ളി പ്രദേശങ്ങളിൽ നേന്ത്രവാഴ കൃഷി വെള്ളംകയറി നശിച്ചു. മടിക്കൈ വയലിൽ 2500- ഓളം നേന്ത്രവാഴകൾ വെള്ളക്കെട്ടിൽ ശിക്കുന്നു. മണക്കടവ് ക്രോസ് ബാർ കം ബ്രിഡ്ജ് വെള്ളത്തിലായതിനാൽ നീലേശ്വരം,കാഞ്ഞങ്ങാട് ഭാഗങ്ങളിൽനിന്നുള്ള ഗതാഗതം മുടങ്ങി. ചാർത്താങ്കാൽ തടയണ വെള്ളത്തിൽ മുങ്ങിയതിനാൽ പൂത്തക്കാൽ ഭാഗത്തുനിന്നുള്ള ഗതാഗതം നിലച്ചു. മുണ്ടോട്ട് കേളോത്ത് ശ്യാമളയുടെ വീടിനുമേൽ വൈദ്യുതത്തൂൺ വീണു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

നീലേശ്വരം, പുതുക്കൈയിലെ ബി.ലക്ഷ്മിയുടെ കിണർ കനത്ത മഴയിൽ ഇടിഞ്ഞു. ഇതോടെ ലക്ഷ്മിയുടെ വീടും അപകടാവസ്ഥയിലായി. കഴിഞ്ഞദിവസമാണ് അയൽവാസിയായ പി.സുരേന്ദ്രന്റെ കിണർ സമാനമായി താഴ്ന്നുപോയത്. കനത്ത മഴയിൽ ഹൊസ്ദുർഗ് താലൂക്കിൽ നാല്‌ വീടുകൾ ഭാഗികമായി തകർന്നു. മടിക്കൈ വില്ലേജിലെ കുഞ്ഞിരാമൻ, ക്ലായിക്കോട് വില്ലേജിലെ പി.ഗോപി, അഴിത്തലയിലെ സംഗീത, നീലേശ്വരം വില്ലേജിലെ അമ്മാളു എന്നിവരുടെ വീടുകളാണ് കനത്ത മഴയിലും കാറ്റിലും തകർന്നത്. കുഞ്ഞിരാമന്റെ വീടിൻ്റെ മുകളിൽ മരം കടപുഴകി വീണാണ് നാശമുണ്ടായത്.

അഴിത്തല കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപത്തെ സംഗീത ഷാജിയുടെ വീടിന് മുകളിൽ പുലർച്ചെ 3.30ഓടെയാണ് തെങ്ങ് കടപുഴകിവീണത്. ഈ സമയം ഒറ്റമുറി വീട്ടിൽ കിടന്നുറങ്ങുകയായിരിന്ന സംഗീതയും മകൻ വിഷ്ണുവും പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.

സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ യെല്ലോ അലര്‍ട് പ്രഖ്യാപിച്ച ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരുകയാണ്.

വടക്കന്‍ കേരളത്തില്‍ പൊതുവെ കനത്ത മഴയാണ് പെയ്യുന്നത്. ശക്‌തമായ, ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉള്ളതിനാല്‍ തീരദേശ വാസികള്‍ ജാഗ്രത പാലിക്കണം. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. അതിനിടെ, ഇടുക്കിയില്‍ മിക്ക സ്‌ഥലത്തും ഇടവിട്ട് മഴ തുടരുകയാണ്.

മരം വീണ് മൂന്നുപേര്‍ മരിച്ച സാഹചര്യത്തില്‍ തോട്ടങ്ങളില്‍ ഉള്ള പണികള്‍ക്ക് ജില്ലാ കളക്‌ടര്‍ താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി- ധനുഷ്കോടി ദേശീയപാതയില്‍ മണ്ണിടിഞ്ഞും മരം കടപുഴകി വീണും പലയിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മൂന്നാര്‍ പോലീസ് സ്‌റ്റേഷന് സമീപം ഇതുവരെ ഗതാഗതം പുനഃസ്‌ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

പാലക്കാട് ജില്ലയിലും ശക്‌തമായ മഴ തുടരുകയാണ്. അറബിക്കടലില്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്‌തിപ്പെടുന്നതും മധ്യപ്രദേശിന് മുകളിലായി തുടരുന്ന ന്യൂനമര്‍ദ്ദവുമാണ് കേരളത്തില്‍ മഴ കനക്കാന്‍ കാരണം.

0Shares