കാസർകോട് ജില്ലയില്‍ 111 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളാവും;ആഴ്ചയില്‍ ആറ് ദിവസവും സേവനം ലഭ്യം

  • Post category:health / local news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലയില്‍ 111 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളാവും;ആഴ്ചയില്‍ ആറ് ദിവസവും സേവനം ലഭ്യം

കാസർകോട്: ആര്‍ദ്രം മിഷനിലൂടെ ജില്ലയിലെ 111 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളായി ഉയര്‍ത്തും. ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിൻ്റെ യും ആശാ വര്‍ക്കറുടെയും സേവനമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. കൂടാതെ മാസം തോറുമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും. ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളാവുന്നതോടെ രാവിലെ മുതല്‍ സ്റ്റാഫ് നഴ്സിന്റെ സേവനം കൂടി ലഭ്യമാകും.

ആഴ്ചയില്‍ ആറ് ദിവസവും ജനറല്‍ ഒ.പി, പാലിയേറ്റീവ് ഒ.പി, സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം ഒ.പി, പി.എച്ച്.സികളില്‍ നിന്ന് വിതരണം ചെയ്യുന്ന മരുന്നുകള്‍ ലഭ്യമാക്കല്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കും. പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ ആരോഗ്യ ഗ്രാന്‍ഡ് ലഭിച്ച സാഹചര്യത്തില്‍ കിറ്റുകള്‍ മുഖേനയുള്ള രോഗനിര്‍ണയ ടെസ്റ്റുകളും ഈ കേന്ദ്രങ്ങളിലൂടെ സാധ്യമാവും.

നിയോജക മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്ത് ഇരുപതും കാസര്‍കോട് പതിനേഴും ഉദുമയില്‍ ഇരുപത്തി രണ്ടും കാഞ്ഞങ്ങാട് ഇരുപത്തിനാലും തൃക്കരിപ്പൂരില്‍ ഇരുപത്തി എട്ടും ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്.

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പദ്ധതി നടത്തിപ്പിൻ്റെ ആദ്യഘട്ടത്തില്‍ 26 ഉം രണ്ടാം ഘട്ടത്തില്‍ 31 ഉം മൂന്നാം ഘട്ടത്തില്‍ 54 ഉം ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളാണ് ജില്ലയില്‍ അനുവദിച്ചത്. ഇതില്‍ മൂന്നാം ഘട്ടത്തില്‍ 54 കേന്ദ്രങ്ങള്‍ പൂര്‍ണമായും തദ്ദേശ സ്ഥാപനങ്ങള്‍ മുഖേനയാണ് നടപ്പാക്കുന്നത്. ബാക്കിയുള്ളവ നിര്‍മിത കേന്ദ്ര, ഹൗസിംഗ് ബോര്‍ഡ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ മുഖേനയാണ് നടപ്പാക്കുന്നത്.

0Shares