
ഗുജറാത്തിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരണം 40 ആയി. ഏഴുപേര്‍ കൂടി മരണത്തിന് കീഴടങ്ങി.
നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വിഷമദ്യ വില്‍പ്പനയുണ്ടെന്ന് രേഖാമൂലം പരാതി നല്‍കിയിട്ടും അവയെല്ലാം പോലീസ് അവഗണിച്ചതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. സംഭവത്തില്‍ 14 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌ത് മിക്കവരേയും അറസ്റ്റ് ചെയ്‌തു.

മരിച്ചവരില്‍ 31 പേര്‍ ബോട്ടാഡിയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണെന്നും ഒമ്പതുപേര്‍ അഹമ്മദാബാദ് ജില്ലയിലെ ധന്‍ധുക താലൂക്കില്‍ നിന്നുള്ളവരാണെന്നും ബോട്ടാഡ് പോലീസ് പറഞ്ഞു. 50ഓളം പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുത്തു.
സമ്പൂര്‍ണ്ണ മദ്യ നിരോധനമുള്ള സംസ്ഥാനത്താണ് ഇത്രയും വലിയ വിഷമദ്യ ദുരന്തമുണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലുള്ള പലരുടേയും നില അതീവ ഗുരുതരമാണ്. തിങ്കളാഴ്‌ച പുലര്‍ച്ചെ ബോട്ടാഡിലെ റോജിദ് ഗ്രാമത്തിലും മറ്റ് ചുറ്റുമുള്ള ഗ്രാമങ്ങളിലും താമസിക്കുന്ന ചിലരെ ആരോഗ്യനില വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് വിഷമദ്യദുരന്തം പുറത്തുവരുന്നത്.

ഇരകള്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കഴിച്ചതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ സുഭാഷ് ത്രിവേദിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് ആഭ്യന്തര വകുപ്പ് മൂന്നംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
