
വിദേശത്ത് നിന്ന് എത്തുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന സൗജന്യമാക്കിയെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. വിമാനത്താവളങ്ങളിൽ നടത്തുന്ന ആർ.ടി.പി.സി.ആർ പരിശോധനയാണ് സംസ്ഥാന സർക്കാർ സൗജന്യമാക്കിയിരിക്കുന്നത്. വിദേശത്തുനിന്ന് വരുന്നവരെ പരിശോധനയിൽനിന്ന് ഒഴിവാക്കാതിരിക്കാൻ സാധിക്കില്ല.

കൊവിഡിന്‍റെ രണ്ടാം തരംഗം ഉണ്ടാകാൻ സാഹചര്യമുള്ളതിനാൽ വിമാനത്താവളങ്ങളിൽ ശക്തമായ പരിശോധന നടത്തണം. വീട്ടിൽ ക്വാറൻറീനിൽ തുടരാം. പരിശോധന ഫലം എത്രയും വേഗം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നിലവിൽ വിദേശത്ത് നിന്ന് ഇന്ത്യയിൽ എത്തുന്നവർ 72 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം.
ഇതിന് പുറമെ വിമാനത്താവളങ്ങളിൽ നിന്ന് ആർ.ടിപി.സി.ആർ ടെസ്റ്റ് ചെയ്യണമെന്നും നിർബന്ധമാണ്. ഇത് വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളം പരിശോധന സൗജന്യമാക്കിയത്. 1800 രൂപയായിരുന്നു കൊവിഡ് പരിശോധനയ്ക്കായി വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരുന്നത്.
