
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആര്‍.എസ്.എസ്സിൻ്റെ നോട്ടീസ്. സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിലേതെന്ന സതീശൻ്റെ പ്രസ്താവനയ്ക്കെതിരേ നിയമ നടപടിയിലേക്ക് കടക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള നോട്ടീസാണ് അയച്ചിരിക്കുന്നത്. സജി ചെറിയാന്‍ പറഞ്ഞ വാചകങ്ങള്‍ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്തകത്തില്‍ എവിടെ ആണെന്ന് സതീശന്‍ വ്യക്തമാക്കണം, അത് വ്യക്തമാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സതീശന്‍ പ്രസ്താവന പിന്‍വലിച്ച് മറ്റൊരു പ്രസ്താവന നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ നോട്ടീസില്‍ ആര്‍.എസ്.എസ്. ആവശ്യപ്പെടുന്നുണ്ട്.

ഈ രണ്ടുകാര്യങ്ങളും നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം നടപ്പാകാത്തപക്ഷം നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും നോട്ടീസില്‍ പറയുന്നു. മേലില്‍ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നും നോട്ടീസ് ആവശ്യപ്പെടുന്നുണ്ട്. ആര്‍.എസ്.എസ്. പ്രാന്ത സംഘചാലക് കെ.കെ ബലറാമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
അതേസമയം, ആര്‍.എസ്.എസിൻ്റെ നോട്ടീസിനെ നിയമപരമായി നേരിടാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. ആര്‍.എസ്.എസിൻ്റെ നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഞ്ച് ഓഫ് തോട്ട്സില്‍ പറഞ്ഞിരിക്കുന്ന കാര്യവും സജി ചെറിയാന്‍ പറഞ്ഞിരിക്കുന്ന കാര്യവും ഒന്നുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഗോള്‍വാള്‍ക്കറിന്‍റെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്കത്തില്‍ സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടു ഉണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന.
ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സില്‍ സജി ചെറിയാന്‍ പറഞ്ഞ വാക്കുകൾ ഇല്ലെന്നാണ് നോട്ടീസില്‍ പറയുന്നത്. സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകള്‍ ബഞ്ച് ഓഫ് തോട്ട്സില്‍ എവിടെയാണെന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ആര്‍എസ്എസ് നോട്ടീസിൽ പറയുന്നത്.
