
കൊച്ചി: ട്രെയിനില്‍ 16 കാരിക്ക് നേരേ അതിക്രമം കാട്ടിയത് ചോദ്യം ചെയ്ത ദളിത് കോണ്‍ഗ്രസ് നേതാവായ പിതാവിനെയും സഹയാത്രക്കാരനെയും മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. ഒന്നാംപ്രതി കുറ്റിക്കാട് പെരിയാടന്‍ ജോയി ജേക്കബ് (53), രണ്ടാംപ്രതി വെസ്റ്റ് ചാലക്കുടി ഷാ റോഡില്‍ ഓടത്തുവീട്ടില്‍ (മാധവം) സുരേഷ് മാധവന്‍ (53), മൂന്നാംപ്രതി മുരിങ്ങൂര്‍ കിന്‍ഫ്ര പാര്‍ക്കിനുസമീപം ഇലഞ്ഞിക്കല്‍ സിജോ ആന്റോ (43) എന്നിവരെയാണ് എറണാകുളം റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാമിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

പ്രതികള്‍ ഒളിവിലായിരുന്നു. ജോയിയെ വയനാട് പുല്‍പ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നും സുരേഷിനെയും സിജോയേയും കൊച്ചി നഗരത്തിലെ രണ്ടിടത്ത് നിന്നുമാണ് പിടികൂടിയത്. ജോയിയെ രാത്രി കൊച്ചിയിലെത്തിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്തു. മറ്റ് രണ്ടുപ്രതികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. പ്രതികളുടെ തൃശൂരിലെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവര്‍ ജോലി ചെയ്ത എറണാകുളത്തെ സ്ഥാപനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 7.50ന് എറണാകുളം- ഗുരുവായൂര്‍ പ്രത്യേക ട്രെയിനിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ തൃശൂര്‍ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എറണാകുളം സൗത്ത് റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു. പോക്സോ, ട്രെയിനില്‍ അടിപിടി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്.
