
ന്യൂഡല്‍ഹി: സാമ്പത്തിക ഇടപാടുകളില്‍ അടക്കം നാലുമാറ്റങ്ങളാണ് നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കെ.വൈ.സി നിര്‍ബന്ധം ആക്കിയതാണ് ഇതില്‍ പ്രധാനം.
നവംബര്‍ ഒന്നുമുതല്‍ എല്ലാ ആരോഗ്യ, ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കെ.വൈ.സി നിര്‍ബന്ധമാണെന്ന് ഐ.ആര്‍.ഡി.എ അറിയിച്ചു. നിലവില്‍ ഇത് സ്വമേധയാ നല്‍കിയാല്‍ മതിയായിരുന്നു. സമയപരിധി നീട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എല്‍.പി.ജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഉപയോക്താവിന് ഒ.ടി.പി നമ്പര്‍ ലഭിക്കും. ഉപഭോക്താവിൻ്റെ അംഗീകൃത ഫോണിലേക്കാണ് ഒ.ടി.പി കൈമാറുന്നത്. നവംബര്‍ ഒന്നുമുതല്‍ എല്‍.പി.ജി സിലിണ്ടര്‍ വീട്ടുപടിക്കല്‍ വിതരണം ചെയ്യുമ്പോള്‍ ഉപഭോക്താവ് ഒ.ടി.പി കൈമാറണം.
അഞ്ചുകോടിയില്‍ താഴെ വിറ്റുവരവുള്ള നികുതിദായകര്‍ ജി.എസ്.ടി റിട്ടേണില്‍ നിര്‍ബന്ധമായി എച്ച്.എസ്.എന്‍ കോഡ് നല്‍കണം. നാലക്ക നമ്പറാണ് എച്ച്.എസ്.എന്‍ കോഡ്.
വിവിധ ദീര്‍ഘദൂര ട്രെയിനുകളുടെ പുതുക്കിയ ടൈംടേബിള്‍ നവംബര്‍ ഒന്നിന് നിലവില്‍ വരും. 13000 യാത്രാ ട്രെയിനുകളുടെയും 7000 ചരക്കു തീവണ്ടികളുടെയും ടൈംടേബിളാണ് പുതുക്കിയത്. 30 രാജധാനി ട്രെയിനുകളുടെ ടൈംടേബിളിലും മാറ്റം ഉണ്ട്.
