
പുതിയ കണ്ടുപിടുത്തമായ ജലയന്ത്രത്തിന്‍റെ പരീക്ഷണ പ്രവര്‍ത്തനത്തിലാണ് ഈ നാട്ടിൻപുറത്തുകാരൻ. തൃശൂർ ജില്ലയിലെ ചെമ്മാപ്പിള്ളിയിലെ അഷറഫിന്‍റെ ശാസ്ത്ര കഴിവുകൾ മനസ്സിലാക്കാന്‍ മുന്‍മന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം നേരിട്ടെത്തി. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വെള്ളം എത്തിക്കുന്ന കണ്ടുപിടുത്തമാണ് പരിചയപ്പെടുത്തിയത്.
എത്ര ദൂരേക്കാണെങ്കിലും മോട്ടോറിന്റേയൊ ബാഹൃമായ ഊര്‍ജ്ജത്തിന്‍റെയൊ സഹായമില്ലാതെ എത്തിക്കാനാവുമെന്നതാണ് അഷറഫിന്‍റെ പുതിയ കണ്ടെത്തല്‍. ഭൂഗുരുത്വബലം, അന്തരീക്ഷമര്‍ദ്ദം തുടങ്ങിയ പ്രകൃതിനിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ യന്ത്രം രൂപകല്പന ചെയ്തിട്ടുള്ളത്.
ചാവക്കാട് അടുത്തുള്ള ഒറ്റതെങ്ങിലെ വേണു എടക്കഴിയൂറിന്‍റെ മകന്‍ ഹരിയുടെ സ്ഥലത്താണ് യന്ത്രത്തിന്റെ ഡമോൺസ്ട്രേഷൻ സംഘടിപ്പിച്ചത്. ആ സ്ഥലത്തോട് ചേര്‍ന്നുള്ള കൃഷ്ണദാസിന്‍റെ കുളത്തില്‍ നിന്ന് വെള്ളം ഈ സങ്കേതം വഴി15 അടിയോളം ഉയര്‍ത്തുകയും 75 അടി അകലത്തില്‍ എത്തിക്കുകയും ചെയ്തു.

വളരെ വിജയകരവും അനവധി പ്രയോഗിക സാധ്യതകളുള്ളതുമായ കണ്ടുപിടുത്തമാണെന്ന് കണ്ടപ്പോൾ എല്ലാവര്‍ക്കും ബോധൃപ്പെട്ടു. ഭൂജലവകുപ്പിലെ എക്സി. എന്‍ജിനീയര്‍ ഷജത്നന്‍, CWRDM ലെ ശാസ്ത്രജ്ഞന്‍ ഡോ. സി.പി പ്രിജു എന്നിവര്‍ ഇതിന് പിറകിലെ ശാസ്ത്ര തത്വങ്ങള്‍ വിശദീകരിക്കുകയും വലിയ സാധൃതകളുണ്ടെന്ന് പറയുകയും ചെയ്തു. അഷറഫിനെ പോലെയുള്ള റൂറല്‍ സൈന്‍റിസ്റ്റുകളെ കണ്ടത്തി പ്രയോജനപ്പെടുത്തേണ്ടത് ജ്ഞാനസമ്പത്ത് വൃവസ്ഥയുടെ ഈ കാലത്ത് പ്രതൃേകം പ്രാധാനൃം അര്‍ഹിക്കുന്നുണ്ടെന്ന് തോമസ് ഐസക്ക് പറഞ്ഞു.

15 വര്‍ഷം മുമ്പാണ് അഷറഫ് ചെമ്മാപ്പിള്ളി എയറോഡൈനാമിക് വിദൃയില്‍ പ്രവര്‍ത്തി്ക്കുന്ന ഒരു കാറ്റാടിയന്ത്രത്തിന്‍റെ മാതൃകയുമായാണ് നാട്ടുകാർക്ക് മുന്നിലെത്തിയത്. അത് പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ മദ്രാസ് അണ്ണായൂണിവേഴ്സിറ്റിയില്‍ അവതരിപ്പിക്കുകയും അതിന്‍റെ ശാസ്ത്ര യുക്തികള്‍ അവിടെ കൂടിയ ശാസ്ത്രജ്ഞർ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടും അതിന്‍റെ തുടർ പ്രവർത്തനം മുന്നോട്ടുപോയില്ല.
അഞ്ചാം ക്ലാസ് മാത്രം വിദൃാഭൃാസമുള്ള അഷറഫ് ചെറുതും വലുതുമായ നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തുകയുണ്ടായി. അവയില്‍ ഏറ്റവും അവസാനത്തേതാണ് ഈ ജലയന്ത്രം. നാം കാണാത്ത കാഴ്ചകളിലേക്ക് ചെന്ന് പുതിയ പുതിയ കണ്ടുപിടുത്തങ്ങളുമായി അയാള്‍ ഭൂമിയിലേക്ക് കടന്നു വരുന്നു. കിടക്കാന്‍ സ്വന്തമായി കിടപ്പാടമില്ലാത്ത, മിച്ചമൂലൃം കടങ്ങള്‍ മാത്രമായ, ഇല്ലായ്മയുടേയും ക്ലേശങ്ങളുടേയും നടുവിലാണ് അദ്ദേഹം.

‘ശാസ്ത്ര രംഗത്ത് കൂടുതൽ ആവിഷ്കരങ്ങൾ നടത്താൻ വലിയ സന്നാഹങ്ങള്‍ വേണം.
സര്‍ക്കാര്‍ സ്ഥാപനങ്ങളൊ സര്‍ക്കാരിതര സ്ഥാപനങ്ങളൊ വൃക്തികളൊ ഒരു കൈതാങ്ങ് നല്‍കിയാല്‍ അഷ്റഫിന് ഒരുപാട് ശാസ്ത്രനേട്ടങ്ങൾ ഉണ്ടാക്കാനാകും,’ സുഹൃത്തായ വി.എച്ച് ദിരാർ പറയുന്നു. തോമസ് ഐസക്കിന്‍റെ സന്ദര്‍ശനം ആ ദിശയിലേക്ക് നയിക്കുമെന്നാണ് നാട്ടുകാർ പ്രതൃാശിക്കുന്നത്. ജലയന്ത്രത്തിന്‍റെ മോഡല്‍ തയ്യാറാക്കാന്‍ ലത്തീഫ്, എന്‍.ചന്ദ്രന്‍ തുടങ്ങിയവരാണ് സഹായം നൽകിയത്.
