
ബേഡഡുക്ക / കാസർകോട്: കുറ്റിക്കോൽ സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് മുൻ സെക്രട്ടറി കെ.അശോക് കുമാർ (55) അന്തരിച്ചു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ വിദഗ്‌ധ ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്‌ച രാത്രി പത്തുമണിയോടെ ആണ് അന്ത്യം. ആദ്യകാല ബാങ്ക് ജീവനക്കാരൻ പരേതനായ നാരായണൻ നായരുടെയും കെ.നളിനിയുടെയും മകനാണ്.
കലാ-സാംസ്കാരിക പ്രവർത്തനും മനുഷ്യ സ്നേഹിയുമായ അശോക് കുമാർ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. മജീഷ്യനും, ചിത്രകാരനും, ഓട്ടൻതുള്ളൽ കലാകാരനുമായിരുന്നു. അശോകൻ്റെ അകാലവിയോഗത്തിൽ സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവരും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും അന്ത്യോപചാരം അർപ്പിച്ചു.

കുറ്റിക്കോൽ സർവീസ് സഹകരണ ബാങ്കിൽ അഞ്ചുവർഷങ്ങൾക്ക് മുമ്പ് അസി. സെക്രട്ടറി ആയിരുന്നു അശോക് കുമാർ. ആ കാലയളവിൽ സർവീസിൽ നിന്നും വിരമിച്ച ബന്തടുക്ക സ്വദേശിയായ സെക്രട്ടറി നടത്തിയ അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് അസി. സെക്രട്ടറിയായിരുന്ന അശോക് കുമാർ കണ്ടെത്തി ഭരണസമിതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. തുടർന്ന് അന്നത്തെ സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ബാങ്ക് ആർബിട്രേഷൻ കേസ് ഫയൽ ചെയ്തു.
സെക്രട്ടറി മനപൂർവ്വം നടത്തിയ സാമ്പത്തിക തട്ടിപ്പിൽ അസി. സെക്രട്ടറിയായിരുന്ന അശോക് കുമാർ നിരപരാധിയാണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തെയും ഉൾപ്പെടുത്തിയാണ് ബാങ്ക് ഭരണസമിതി കേസ് ഫയൽ ചെയ്തത്. തുടർന്ന് ഭരണസമിതി അശോക് കുമാറിനെ ജോലിയിൽ നിന്നും സസ്പെണ്ട് ചെയ്യുകയും ചെയ്‌തു.

കുറ്റിക്കോലിൽ സ്ഥാപിതമായ കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് ഭരണസമിതി പല സാങ്കേതികത്വം പറഞ്ഞുകൊണ്ട് സസ്‌പെൻഷൻ വർഷങ്ങളോളം നീട്ടികൊണ്ടു പോകുകയും ചെയ്‌തു. നിരപരാധിയാണെന്ന് ഭരണസമിതിക്ക് ബോധ്യമാണെന്നിരിക്കെ, കോടതി വ്യവഹാരം പൂർത്തിയാകുന്നതിന് മുമ്പുതന്നെ അശോക് കുമാറിനെ സർവീസിൽ തിരിച്ചെടുക്കുന്നതിന് ബാങ്ക് ഭരണ സമിതിക്ക് മുന്നിൽ തടസങ്ങൾ ഇല്ലാതിരുന്നിട്ടും ഒഴിഞ്ഞുമാറി.
ജോലി നഷ്ടപ്പെട്ട് വർഷങ്ങളായി ദുഃഖിതനായി കഴിയുകയായിരുന്ന അശോക് കുമാർ തൻ്റെ നിരപരാധിത്വം തെളിയുന്നതുവരെ കാത്തിരിക്കാതെ ജീവിതത്തോട് വിടപറഞ്ഞു. സുഗതയാണ് ഭാര്യ. ചൈതന്യ, വൈശാഖ് എന്നിവർ മക്കളാണ്. മരുമകൻ മനു (മസ്‌കറ്റ്). കെ.ഷൈലജ (അധ്യാപിക), കെ.വനജ (അധ്യാപിക).
