
സഹിഷ്ണുതയും, സൗഹാർദ്ദവും അസ്തമിക്കുന്ന സമൂഹങ്ങളിലാണ് ഫാസിസവും, തീവ്രവാദവും വളരുന്നതെന്ന് ഹജജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി പറഞ്ഞു. രണ്ടത്താണി നുസ്റത്ത് കാമ്പസിൽ എസ്. എസ്. എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച സീറത്തുന്നബി ഇന്റെർ നാഷണൽ കോൺഫറൻസിലെ അക്കാദമിക് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസവും, താലിബാൻ പോലെയുള്ള തീവ്ര ചിന്താഗതികളും രൂപപ്പെടുന്നത് അസഹിഷ്ണുതയിൽ നിന്നാണ്. ഇഷ്ടമില്ലാത്ത കാര്യങ്ങളെ അടിച്ചമർത്തുന്നതും, തൻ്റെ അഭിരുചിക്കെതിരെയുള്ള കാര്യങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നതും ഫാസിസമാണ്. അത്തരം പ്രവണതകളെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. തിരുനബിക്ക് പിറന്ന നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ട അവസ്ഥ വരെ വന്നിട്ടും അസഹിഷ്ണുവാകുകയോ, അക്രമത്തിൻ്റെ പാത സ്വീകരിക്കുകയോ ചെയ്തില്ല. ആ മാതൃകയാണ് നാം പിൻപറ്റേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി ജാബിർ സഖാഫി പാലക്കാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊരുളില്ലാത്ത തിരുനബി വിമർശനങ്ങൾ, രാഷ്ട്രം, രാഷ്ട്രീയം, പൗരൻ, പൗരത്വം തിരുനബി കാഴ്ചപ്പാടുകൾ, ഇൻക്ലൂസീവ് ഇസ് ലാം എന്നീ വിഷയങ്ങളിൽ ഫൈസൽ അഹ്സനി രണ്ടത്താണി, എം. മുഹമ്മദ് സ്വാദിഖ്, ശാഫി സഖാഫി മുണ്ടമ്പ്ര എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അലി ബാഖവി ആറ്റുപുറം, എസ് .എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ എന്നിവർ സംസാരിച്ചു.
