സീതാറാം യെച്ചൂരിയുടെ വിയോഗം; യാത്രയാക്കാൻ എ.കെ.ജി ഭവനിൽ എത്തിയത് പ്രമുഖർ; ആദരാഞ്ജലികൾ..

  • Post category:national / news
  • Reading time:1 min read
You are currently viewing സീതാറാം യെച്ചൂരിയുടെ വിയോഗം; യാത്രയാക്കാൻ എ.കെ.ജി ഭവനിൽ എത്തിയത് പ്രമുഖർ; ആദരാഞ്ജലികൾ..

ഡൽഹി: സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം എ.കെ.ജി ഭവനിൽ പൊതുദർശനത്തിന് വെച്ചു. മുതിർന്ന നേതാക്കൾ പാർട്ടി പതാക പുതപ്പിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പോളിറ്റ് ബ്യൂറോ അംഗങ്ങളും അന്തിമോപചാരം അർപ്പിച്ചു. കോൺഗ്രസ് നേതാക്കളും എ.കെ.ജി ഭവനിലെത്തി. സോണിയ ഗാന്ധി അന്തിമോപചാരം അർപ്പിച്ചു. എ.ഐ.സി.സി ട്രഷറർ അജയ് മാക്കനും മുതിർന്ന കോൺഗ്രസ് നേതാക്കളും എ.കെ.ജി ഭവനിൽ എത്തി. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എന്നിവരും എത്തിയിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉടൻ എ.കെ.ജി ഭവനിൽ എത്തും.

എ.എ.പി നേതാവ് മനീഷ് സിസോദിയ അന്തിമോപചാരം അർപ്പിച്ചു. ഡി.എം.കെ നേതാവ് കനിമൊഴി, കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി, എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. പി.വി അൻവർ എം.എൽ.എയും അന്തിമോചാരം അർപ്പിച്ചു. പ്രധാനമന്ത്രി മുതൽ സാധാരണക്കാർ വരെയുള്ള സൗഹൃദ വലയമായിരുന്നു സീതാറാം യെച്ചൂരിയുടെ ബലമെന്ന് അൻവർ പറഞ്ഞു. സീതാറാം യെച്ചൂരിയെ ഒരു നോക്ക് കാണണമെന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരാണ് കേരളത്തിലുള്ളതെന്നും പി.വി അൻവർ എം.എൽ.എ പ്രതികരിച്ചു. യെച്ചൂരിയുടെ വിയോഗം ജനാധിപത്യ മതേതര മുന്നണിക്ക് കനത്ത ആഘാതമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സി.പി.ഐ നേതാക്കൾ ഡി രാജയുടെ നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ചു. വി.എസ് അച്യുതാനന്ദൻ്റെ മകൻ വി.എ അരുൺ കുമാർ അന്ത്യാഞ്ജലി അർപ്പിച്ചു. അച്ഛനോട് എക്കാലവും പ്രത്യേക സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിയാണെന്നും ഇടയ്ക്കിടെ അച്ഛൻ്റെ ആരോഗ്യസ്ഥിതി വിളിച്ച് അന്വേഷിക്കുമായിരുന്നുവെന്നും അരുൺകുമാർ പറഞ്ഞു.

0Shares