
ചട്ടഞ്ചാൽ / കാസർകോട്: മീത്തൽ മാങ്ങാട് കൂളിക്കുന്ന് എം.എ ക്വാർട്ടേഴ്സിൽ താമസക്കാരനെ മദ്യലഹരിയിൽ അയൽവാസിയായ യുവാവ് കുത്തി പരിക്കേല്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിക്കാണ് സംഭവം. ഒരേ ക്വാർട്ടേഴ്സിലെ താമസക്കാരനെയാണ് മദ്യലഹരിയിൽ യുവാവ് ബഹളം വെക്കുന്നത് കണ്ട് തടയാൻ ചെന്നപ്പോൾ കുത്തി പരിക്കേല്പിച്ചത്. കൂളിക്കുന്ന്, മീത്തൽ മാങ്ങാട്, എം.എ ക്വാർട്ടേഴ്സിലെ സുരേഷ് പി.ജെ (34) എന്നയാളെ തൊട്ടടുത്ത റൂമിലെ താമസക്കാരനായ മീത്തൽ മാങ്ങാട് സ്വദേശിയായ ഇബ്രാഹിം.എം (35) മദ്യലഹരിയിൽ കത്തി കൊണ്ട് കുത്തി പരിക്കേല്പിക്കുകയായിരുന്നു.

വിവരമറിഞ്ഞ് ബേക്കൽ ഡി.വൈ.എസ്.പി സി.കെ സുനിൽ കുമാറിൻ്റെ നിർദേശ പ്രകാരം മേല്പറമ്പ സി.ഐ ടി.ഉത്തംദാസിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ഇബ്രാഹിമിനെ കസ്ററഡിയിൽ എടുക്കുകയായിരുന്നു.
പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷിൻ്റെ പരാതിയിൽ ഇബ്രാഹിമിനെതിരെ വധശ്രമത്തിന് മേല്പപറമ്പ പോലീസ് കേസെടുത്തു. പോലീസ് സംഘത്തിൽ സി.ഐ ഉത്തംദാസിനൊപ്പം എസ്.ഐ അനുരൂപ് ഗ്രേഡ് എസ്.ഐ ശശിധരൻപിള്ള സിവിൽ പോലീസു ഉദ്യോഗസ്ഥരായ രാമചന്ദ്രൻ നായർ ഉണ്ണികൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു.
