ആ മലയാളി ലഹരിലോകം നിയന്ത്രിക്കുന്ന കൊടും ക്രിമിനൽ; ആഫ്രിക്കന്‍ കോളനിയില്‍ നിന്ന് പിടികൂടിയ എസ്സേയുടെ വെളിപ്പെടുത്തലില്‍ കേരള പൊലീസ്‌ അത്ഭുതപ്പെട്ടു, അന്വേഷണം ഊർജിതമാക്കി

You are currently viewing ആ മലയാളി ലഹരിലോകം നിയന്ത്രിക്കുന്ന കൊടും ക്രിമിനൽ; ആഫ്രിക്കന്‍ കോളനിയില്‍ നിന്ന് പിടികൂടിയ എസ്സേയുടെ വെളിപ്പെടുത്തലില്‍ കേരള പൊലീസ്‌ അത്ഭുതപ്പെട്ടു,  അന്വേഷണം ഊർജിതമാക്കി

കൊച്ചി / കർണാടക: ആഫ്രിക്കക്കാരായ ക്രിമിനലുകള്‍ തമ്പടിക്കുന്ന സ്ഥലം. അപരിചിതരെ കണ്ടാല്‍ പോലും ആക്രമിക്കാനുള്ള സാദ്ധ്യത ഏറെ. കര്‍ണാടകയിലെ ആര്‍.കെ പുരത്തെ ‘ആഫ്രിക്കന്‍ കോളനി’ കര്‍ണാടക പൊലീസിന് പോലും കടന്നുചെല്ലാന്‍ കഴിയാത്തൊരിടമാണ്. ഇവിടെ നിന്നാണ് പ്രത്യാക്രമണത്തിന് ഒരു നിമിഷം പോലും നല്‍കാതെ, കേരളത്തിലേക്ക് കോടികള്‍ വിലമതിക്കുന്ന എം.ഡി.എം.എ നിര്‍മ്മിച്ച്‌ വില്പന നടത്തിയിരുന്ന നൈജീരിയന്‍ സ്വദേശി ഒക്കഫോര്‍ എസേ ഇമ്മാനുവലിനെ(36) പാലാരിവട്ടം പൊലീസ് സാഹസികമായി കഴിഞ്ഞ ദിവസം പിടികൂടിയത്.

കലൂരില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ കേസന്വേഷണത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘം ആര്‍.കെ പുരത്ത് എത്തിയത്. കര്‍ണാടക പൊലീസ് സ്ഥലം കാണിച്ചുനല്‍കി മടങ്ങിയപ്പോള്‍ എസേയ്ക്കായി വലവിരിച്ച്‌ പാലാരിവട്ടം സി.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കാത്തിരുന്നു.

വാട്‌സ്‌ ആപ്പ് കോളുകളിലൂടെ ഇയാളുടെ നീക്കങ്ങള്‍ കണ്ടെത്താൻ ആയിരുന്നെങ്കിലും എസേയുടെ ഫോട്ടോയോ മറ്റോ പൊലീസിന് ലഭിച്ചിരുന്നില്ല. ആഫ്രിക്കന്‍ കോളനിയില്‍ നിന്ന് ആളുമാറി പിടികൂടിയാലുള്ള അപകടവും പൊലീസിന് മുന്നിലുണ്ടായിരുന്നു.

കെട്ടിട ഉടമയില്‍ നിന്ന് എസേയുടെ താമസമുറി കണ്ടെത്തിയത് മാത്രമായിരുന്നു ഒരേയൊരു കച്ചിത്തുരുമ്പ്. രാത്രിയോടെ സ്ഥലത്തെത്തിയ എസേയെ മിന്നല്‍ വേഗത്തില്‍ കീഴ്പ്പെടുത്തി സ്ഥലം വിടുകയായിരുന്നു. കെമിക്കല്‍ എന്‍ജിനിയറിംഗ് ബിരുദധാരിയാണെന്ന് അവകാശപ്പെടുന്ന എസേ 2018ല്‍ എഡ്യൂക്കേഷന്‍ വിസയിലാണ് ഇന്ത്യയിൽ എത്തുന്നത്. പിന്നീട് ആഫ്രിക്കന്‍ കോളനിയില്‍ എത്തി.

ലഹരി സംഘത്തിനായി എം.ഡി.എം.എ ‘കുക്ക് ചെയ്താണ്’ മയക്കുമരുന്ന് ഇടപാടിലേക്ക് എത്തുന്നത്. പതിയെ കച്ചവടവും തുടങ്ങി. ലഹരിനിര്‍മ്മാണ കേന്ദ്രം കണ്ടെത്താനായിട്ടില്ല. കേരളത്തിലേക്കുള്ള ലഹരി ഇടപാട് നിയന്ത്രിക്കുന്നത് ഒരു മലയാളിയാണ്. ഇയാള്‍ വഴി ലക്ഷങ്ങളുടെ കച്ചവടം അടുത്തിടെ മാത്രം നടത്തിയിട്ടുണ്ട്. നേരിട്ടാണ് പണമിടപാടെല്ലാം. പിടിയിലാകുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്.

എപ്പോഴും ഹെല്‍മെറ്റ്

ഒരു കുടുസുമുറിയില്‍ സുഹൃത്തിനൊപ്പമാണ് താമസം. ഇവിടെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഹെല്‍മെറ്റ് ധരിച്ചുമാത്രമേ ഇവര്‍ പുറത്തേക്ക് ഇറങ്ങൂ. എവിടേക്കാണ് പോകുന്നത് ആര്‍ക്കുമറിയില്ല.

സിമ്മുണ്ട്, ഉപയോഗിക്കില്ല

ഇന്ത്യയിലെത്തി സിം എടുത്ത എസേ ഇതുവരെ ഫോണ്‍ വിളിക്കാന്‍ ഉപയോഗിച്ചട്ടേയില്ല. വാട്‍സ് ആപ്പ്, ഇന്‍സ്റ്രാഗ്രം വഴിയായാണ് ആശയ വിനിമയം.

വാട്‍സ് ആപ്പ് പിന്തുടര്‍ന്ന് പൊലീസ് തന്നിലേക്ക് എത്തില്ലെന്ന അമിത അത്മവിശ്വാസത്തിൽ ആയിരുന്നു ഇയാള്‍. സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ വാട്‍സ് ആപ്പ് നീക്കങ്ങള്‍ കണ്ടെത്തുകയായിരുന്നു.

നൈജീരിയന്‍ സ്വദേശി ഒക്കഫോര്‍ എസേ ഇമ്മാനുവലിൻ്റെ വെളിപ്പെടുത്തലിനെ തുടർന്ന് കേരളം പോലീസ് അന്വേഷണം ഊർജിതമാക്കി. മയക്കുമരുന്നിൻ്റെ കേരളത്തിലെ പ്രധാനിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസിൻ്റെ അടുത്ത കരുനീക്കങ്ങൾ. തെക്കേ ഇന്ത്യയിലെ തന്നെ മയക്കു മരുന്നുകളുടെ വൻ ലോബികളെ കുറിച്ചുള്ള വിവരം പിടിയിലായ ഈ നൈജീരിയക്കാരനിൽ നിന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസെന്നും വിവരങ്ങളുണ്ട്.

0Shares