
കോഴിക്കോട്: അഞ്ചുവര്‍ഷം മുമ്പ് രോഗികളിലെ വിചിത്ര രോഗലക്ഷണങ്ങള്‍ കണ്ട് ജാഗ്രത പാലിച്ച് സംസ്ഥാനത്ത് ആദ്യമായി നിപ സ്ഥിരീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡോ. എ.എസ് അനൂപ് കുമാറിന്‍റെ ജാഗ്രത ഇത്തവണയും സംസ്ഥാനത്തിന് തുണയായി. ഒമ്പത്, 10 തീയതികളില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളും ഉള്‍പ്പെടെ നാലുപേര്‍ അസാധാരണ രോഗലക്ഷണങ്ങളുമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയതോടെയാണ് അനൂപ് കുമാറും സംഘവും ജാഗരൂകരായത്. കുട്ടികളെ പീഡിയാട്രിക് വിഭാഗത്തിലും മുതിര്‍ന്നവരെ പള്‍മണോളജി വിഭാഗത്തിലും പ്രവേശിപ്പിച്ചു.
കുടുംബത്തില്‍ നിന്ന് വിശദമായി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഒമ്പതും നാലും വയസ്സുള്ള രണ്ട് കുട്ടികളുടെ പിതാവ് ആഗസ്റ്റ് 30ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ രോഗലക്ഷണങ്ങളോടെ മരിച്ചതായി കണ്ടെത്തി. അവിടെ ബന്ധപ്പെട്ടപ്പോള്‍ ന്യുമോണിയ ബാധിച്ച രോഗിയെ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില അതിവേഗം വഷളാവുകയും മരിക്കുകയും ചെയ്തുവെന്നും കോവിഡും ഇൻഫ്ലുവൻസയും നെഗറ്റിവ് ആണെന്നുമായിരുന്നു വിവരം.

മരിച്ചയാളുടെ ഭാര്യയുമായി സംസാരിച്ചു. സംസാരശേഷി കുറയുക, സംസാരത്തില്‍ അവ്യക്തത, ഡിപ്ലോപ്പിയ (രണ്ട് ചിത്രങ്ങള്‍ കാണുന്നത്) തുടങ്ങിയ നാഡീസംബന്ധമായ ലക്ഷണങ്ങളുള്ളതായി കണ്ടെത്തി. കൂടാതെ, ശ്വാസതടസ്സം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച, ഒമ്പത് വയസ്സുള്ള മകനും താമസിയാതെ അപസ്മാരം ഉണ്ടായി. ന്യുമോണിയയുമായി ബന്ധപ്പെട്ട ലക്ഷണമല്ല ഇതെന്നതും സംശയം ബലപ്പെടുത്തി. 2018ല്‍ നിപ റിപ്പോര്‍ട്ട് ചെയ്‌ത സൂപ്പിക്കടയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തുള്ളവരാണ് രോഗികള്‍ എന്നതും സംശയം വര്‍ധിപ്പിച്ചതായും ഡോ. അനൂപ് പറഞ്ഞു.
തിങ്കളാഴ്‌ച ആയഞ്ചേരി പഞ്ചായത്തില്‍ നിന്നുള്ള 40 വയസ്സുള്ള മറ്റൊരു രോഗിയെ അതേസമയം തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തിയതിനാല്‍ ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം മരിച്ചു. സാധാരണ ന്യുമോണിയ കേസുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഈ രോഗിയുടെയും ലക്ഷണങ്ങള്‍. അവരുമായി സംസാരിച്ചപ്പോള്‍, ആദ്യത്തെ രോഗി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്ന സമയം പിതാവിൻ്റെ ചികിത്സയ്ക്കായി ആയഞ്ചേരി സ്വദേശിയും അവിടെ എത്തിയതായി അറിഞ്ഞു.
ആശുപത്രിയിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ആഗസ്‌റ്റ് 28 രാത്രിയും ആഗസ്റ്റ് 29ന് രാവിലെയും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഒന്നും രണ്ടും രോഗികള്‍ ഒരുമിച്ചാണെന്ന് കണ്ടെത്തി. അതിനാല്‍, അദ്ദേഹത്തിൻ്റെ മൃതദേഹം വിട്ടുകൊടുക്കാതെ ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. ആദ്യ നിപ ബാധ തിരിച്ചറിഞ്ഞതും രോഗികളുടെ രോഗലക്ഷണങ്ങളും പുരോഗതിയും കണ്ടതിലുള്ള അനുഭവവുമാണ് ഇത്തവണയും രോഗത്തെ കുറിച്ച് സംശയം തോന്നാൻ സഹായിച്ചതെന്ന് ഡോ. അനൂപ് കൂട്ടിച്ചേര്‍ത്തു.
