
കെ.പി.സി.സിക്ക് ഇനി ജംബോ കമ്മിറ്റി വേണ്ടെന്ന് മുതിർന്ന നേതാക്കളുടെ യോഗത്തിൽ ധാരണയായി. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ചേർന്ന യോഗത്തിലാണ് ധാരണയായത്. ഭാരവാഹികളുടെ എണ്ണം സംബന്ധിച്ച അന്തിമ തീരുമാനം രാഷ്ട്രീയ കാര്യ സമിതിയിൽ ഉണ്ടാകും.

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി. ഡി സതീശൻ എന്നിവരുമായി കെ. സുധാകരൻ നടത്തിയ ചർച്ചയിലാണ് ധാരണയായത്. കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം 10ലേക്കും നിർവാഹക സമിതി അംഗങ്ങളുടെ എണ്ണം 51ലേക്കും ഒതുക്കുക എന്നതാണ് സുധാകരന്‍റെ നിലപാട്. സമാനമായ രീതിയിൽ പരമാവധി 10 ഭാരവാഹികൾ മാത്രം ഡി.സി.സികളിൽ മതിയെന്നുമാണ് ആലോചന.
താഴേതട്ടിൽ ബൂത്ത് കമ്മറ്റികൾ പകരമായി കുടുംബ യൂണിറ്റുകൾ രൂപീകരിക്കണമെന്ന നിർദേശവും രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യും. കെ.പി.സി.സി, ഡി.സി.സി തലത്തിലെ അഴിച്ചു പണിയാണ് പുതിയ കെ.പി.സി.സി പ്രസിഡൻറിന്‍റെ ആദ്യ വെല്ലുവിളി. കെ.പി.സി.സി പുനസംഘടനയുടെ മാനദണ്ഡങ്ങൾ യോഗത്തിൽ ചർച്ചയാവും.
