ഇരട്ട കൊലപാതകം ആഭിചാര കൊലയോ; കൃത്യത്തില്‍ ഭാര്യക്കും മകനും പങ്ക്, മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കുന്നു, മൃതദേഹ അവശിഷ്ടങ്ങളും ചുറ്റികയും കണ്ടെത്തി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഇരട്ട കൊലപാതകം ആഭിചാര കൊലയോ; കൃത്യത്തില്‍ ഭാര്യക്കും മകനും പങ്ക്, മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കുന്നു, മൃതദേഹ അവശിഷ്ടങ്ങളും ചുറ്റികയും കണ്ടെത്തി

കട്ടപ്പന: കാഞ്ചിയാറില്‍ നവജാത ശിശുവിന്‍റെയും മുത്തച്ഛന്‍ വിജയന്‍റെയും കൊലപാതകത്തില്‍ ഭാര്യക്കും മകനും പങ്കെന്ന് എഫ്ഐആര്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകക്ക് താമസിക്കുകയായിരുന്ന വിജയനെ വീട്ടിലെ ഹാളിൽ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പ്രതി നിതീഷ് കൊലപ്പെടുത്തി എന്നാണ് റിപ്പോർട്ട്. പിന്നീട് ഭാര്യ സുമയുടെയുടെയും മകൻ വിഷ്‌ണുവിൻ്റെയും സഹായത്തോടെ പ്രതി നിതീഷ് മൃതദേഹം വീടിൻ്റെ തറയിൽ‌ കുഴിച്ചു മൂടിയെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.

വിജയനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക പൊലീസ് കണ്ടെടുത്തു. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് തുടരുകയാണ്. വീടിൻ്റെ തറ കുഴിച്ചുള്ള പരിശോധനയിലാണ് വിജയൻ്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കുഴിയില്‍ നിന്ന് തലയോട്ടിയും അസ്ഥികളുടെ ചില ഭാഗങ്ങളുമാണ് കണ്ടെടുത്തത്. ഇത് വിജയൻ്റെ തന്നേതെന്ന് സ്ഥിരീകരിക്കണമെങ്കില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണം.

മൃതദേഹത്തിനൊപ്പം ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. ഞെരുങ്ങിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. പ്രതി നിതീഷ് നല്‍കിയ മൊഴി അനുസരിച്ച് വിജയൻ്റെ മൃതദേഹ അവശിഷ്ടം തന്നെയാണെന്ന നിഗമനത്തില്‍ ത്തുന്നുണ്ട് പൊലീസ്.

2016ലാണ് വിജയൻ്റെ മകളുടെയും നിതീഷിൻ്റെയും കുഞ്ഞിനെ ഇവർ കൊലപ്പെടുത്തുന്നത്. അവിവാഹിതയായ യുവതി അമ്മയാകുന്നതിൻ്റെ നാണക്കേട് ഭയന്നായിരുന്നു കൊലപാതകം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കുഞ്ഞിനെ തൊഴുത്തിൽ കുഴിച്ചുമൂടി.

കൊലപാതകങ്ങള്‍ ആഭിചാര കര്‍മ്മങ്ങളുടെ ഭാഗമായി നടന്നതാണെന്ന തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് നിതീഷിന് എതിരെ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വിഷ്‌ണുവിൻ്റെ പഴയ വീടിൻ്റെ തറയില്‍ കുഴിയെടുത്ത് മൃതദേഹങ്ങള്‍ കുഴിച്ചിടുകയായിരുന്നു. നിതീഷാണ് മന്ത്രവാദത്തിന് നേതൃത്വം നല്‍കിയതെന്നാണ് വിവരം. ഗന്ധര്‍വന് കൊടുക്കാന്‍ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കല്‍ നിന്നും വാങ്ങിക്കൊണ്ടു പോയത്.

0Shares