
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമയുണ്ടാക്കാൻ മാര്‍ഗ നിർദേശവുമായി സര്‍ക്കാർ. ഷവർമ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ മാർഗ നിർദേശവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. ഷവർമയുണ്ടാക്കാൻ ലൈസന്‍സില്ലെങ്കിൽ അഞ്ചുലക്ഷം രൂപ പിഴയും ആറുമാസം തടവും ലഭിക്കും.
എല്ലാ ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്റ്റിയുടെ ലൈസൻസ് വേണം. ഇത് തന്നെയാണ് ഷവർമയുടെ കാര്യത്തിലും ബാധകമാകുന്നത്.
പാചകക്കാരനും വിതരണക്കാരനും മെഡിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റുണ്ടാകണം. പാചകക്കാർ ഫുഡ്‌സേഫ്റ്റി ട്രെയിനിംഗും സർട്ടിഫിക്കേഷനും നേടിയിരിക്കണമെന്നും മാര്‍ഗ നിർദേശത്തിൽ പറയുന്നു. അംഗീകൃത വിതരണക്കാരിൽ നിന്ന് മാത്രമേ സാധനങ്ങൾ വാങ്ങാവൂ.

പച്ചക്കറി ഉപയോഗിക്കുന്നതിനും കടുത്ത നിബന്ധനയുണ്ട്. തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവർമ തയാറാക്കാൻ പാടില്ലെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗ നിർദേശത്തിൽ പറയുന്നു. നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവർമയിൽ ഉപയോഗിക്കരുത്. പാഴ്‌സലിൽ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം. വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണമെന്നതും കൃത്യമായി രേഖപ്പെടുത്തണമെന്ന് പുതിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.
വേവിക്കാന്‍ മെഷീന്‍; മയണൈസിൽ പച്ച മുട്ടയും വേണ്ട
ഷവര്‍മയ്ക്കുപയോഗിക്കുന്ന ചിക്കന്‍ മതിയായ രീതിയില്‍ പാകം ചെയ്യാറില്ല. പൂര്‍ണമായും ചിക്കന്‍ വേവിക്കാന്‍ കഴിയുന്ന മെക്കനൈസ്ഡ് മെഷീന്‍ മാത്രമേ ഷവര്‍മ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവൂ. അതില്‍ നിശ്ചിത അളവില്‍ മാത്രമേ ചിക്കന്‍ വയ്ക്കാന്‍ പാടുള്ളൂ. ചിക്കൻ്റെ എല്ലാ ഭാഗവും പൂര്‍ണമായും വെന്തുവെന്ന് ഉറപ്പാക്കണം.
പച്ചമുട്ടയിലാണ് ഷവര്‍മയില്‍ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത്. സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അതിനാല്‍ പാസ്ചറൈസ് ചെയ്ത മുട്ടമാത്രമേ ഉപയോഗിക്കാവൂ. ഈ രണ്ട് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.
വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവര്‍മ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണമെന്നും മാർഗ നിർദേശം ഉണ്ട്.
