
ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സീറ്റ് വിഭജനത്തിൽ തർക്കം. സ്ഥാനാർത്ഥി നിർണയത്തിന് മുന്നോടിയായി കേന്ദ്രത്തിന് കത്തയച്ച് ഇരു നേതാക്കളും പിടിവാശിയിലാണ്. ഓരോ മണ്ഡലങ്ങളിലേക്കും 3 പേരുടെ വീതം പേരുകൾ ഉൾപ്പെടുത്തിയുള്ള പാനൽ കേന്ദ്ര നേതൃത്വത്തിന് കൈമാറിയെങ്കിലും, കോയമ്പത്തൂർ സീറ്റിനായി രണ്ട് നേതാക്കൾ തമ്മിലാണ് തർക്കം. പ്രമുഖ നേതാക്കൾ ആയതിനാൽ തമ്മിലുള്ള സീറ്റ് തർക്കം പരിഹരിക്കാനാവാത്ത അവസ്ഥയിലാണ് സംസ്ഥാന ഘടകം. ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ എവിടെ കോയമ്പത്തൂരിൽ മത്സരിക്കുമെന്ന് നേരത്തെ തീരുമാനം എടുത്തു. എന്നാൽ കോയമ്പത്തൂരിൽ പാർട്ടിക്ക് അനുവദിച്ച ഏക സീറ്റ് തനിക്ക് അവകാശപ്പെട്ടതെന്ന നിലപാടിൽ വാനതി ശ്രീനിവാസൻ രംഗത്ത് വന്നു. കോയമ്പത്തൂർ സൗത്ത് അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നുള്ള തമിഴ്‌നാട് നിയമസഭയിലെ അംഗമായ വാനതി നിലവിൽ ഭാരതീയ ജനതാ പാർട്ടിയുടെ വനിതാ വിഭാഗത്തിൻ്റെ ദേശീയ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നുണ്ട്.
ഇരു നേതാക്കളും പാർട്ടിയുടെ അവിഭാജ്യ ഘടകം എന്നാണ് കേന്ദ്ര നിലപാട്. എൻ.ഡി.എ മുന്നണിയിൽ കോയമ്പത്തൂരില്‍ ഒരു സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് അനുവദിച്ചിട്ടുള്ളത്. ഗൗണ്ടംപാളയം, സിംഗനല്ലൂര്‍, അറവാക്കുറിച്ചി സീറ്റുകളില്‍ മത്സരിക്കാനുള്ള താത്പര്യം അണ്ണാമലൈ പാര്‍ട്ടിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഈ സീറ്റുകൾ അണ്ണാഡി.എം.കെയ്ക്കാണ് ലഭിച്ചിട്ടുള്ളത്. ഇതോടെ മത്സരിക്കാനുള്ള അവസരം നഷ്ടമായി. ഇതിന് ശേഷമാണ് മത്സരിക്കുകയാണെങ്കിൽ കോയമ്പത്തൂർ സീറ്റ് വേണമെന്ന വാശിയിൽ അണ്ണാമലൈ ഉറച്ചത്. സീറ്റ് ഇല്ലങ്കിൽ മത്സരിക്കാനില്ല എന്ന നിലപാടും അറിയിച്ച് ബിജെപി കേന്ദ്ര നേതൃത്വത്തിനു കത്തയച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. കോയമ്പത്തൂർ സീറ്റിൻ്റെ പേരിൽ സോഷ്യൽ മീഡിയയിലും ചേരിതിരിഞ്ഞ് പോര് തുടരുകയാണ്. സീറ്റ് തർക്കം അണികൾക്കിടയിലേക്കും പടർന്നതോടെ സോഷ്യൽ മീഡിയയിൽ ഇരു നേതാക്കളുടെയും അനുകൂലികൾ ചേരിതിരിഞ്ഞ് വാക്പോര് നടത്തുന്നുണ്ട്. ഈ സംഭവം ബിജെപിക്ക് തലവേദനയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
