
കാസർകോട്: സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ ഭൂസര്‍വെ ചെയ്യുന്നതിൻ്റെ ഭാഗമായി ജില്ലയിലെ മുട്ടത്തൊടി വില്ലേജില്‍ ആദ്യദിനം 314 ഹെക്ടര്‍ ഭൂമിയില്‍ ഡ്രോണ്‍ സര്‍വെ പൂര്‍ത്തിയാക്കി. രാവിലെ 10 മണിക്ക് കളക്ടറേറ്റ് പരിസരത്ത് നിന്നാണ് ഡ്രോണ്‍ സര്‍വെ ആരംഭിച്ചത്. വൈകീട്ട് 5 മണി വരെ സര്‍വെ തുടര്‍ന്നു.

മുട്ടത്തൊടി വില്ലേജില്‍ ആകെ 1210 ഹെക്ടര്‍ ഭൂമിയില്‍ 514 ഹെക്ടറിലാണ് ഡ്രോണ്‍ സര്‍വെ നടത്തുന്നത്. ബാക്കിയുള്ള 200 ഹെക്ടറില്‍ നാളെ ( വ്യാഴം)ചെങ്കള പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് രാവിലെ 10ന് പുനരാരംഭിക്കും. കാലാവസ്ഥ അനുകൂലമായാല്‍ ഡ്രോണ്‍ സര്‍വെ നാളെ പൂര്‍ത്തിയാവും.
ബാക്കി ഭൂമിയില്‍ ഇ.ടി.എസ് ,കോര്‍സ് സംവിധാനങ്ങള്‍ ഉപയോഗിച്ചായിരിക്കും സര്‍വെ.മഞ്ചേശ്വരം ,കാസര്‍കോട് താലൂക്കുകളിലെ 18 വില്ലേജുകളില്‍ ആണ് ആദ്യഘട്ടത്തില്‍ ജില്ലയില്‍ ഡിജിറ്റല്‍ സര്‍വെ നടത്തുന്നത്.
