
ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതി. ചീത്ത വിളിച്ചാല്‍ പ്രീതി നഷ്ടപ്പെടില്ലെന്ന് ചാന്‍സലറോട് ഹൈക്കോടതി. വ്യക്തിപമായ പ്രീതിയല്ല, നിയമപരമായ പ്രീതിയാണ് ഭരണഘടന അനുശാസിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സെനറ്റംഗങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ നിരീക്ഷണം. അതിനിടെ ഗവർണർക്ക് എതിരെ സി.പി.എം കേന്ദ്ര കമ്മിറ്റിയും രംഗത്ത് വന്നു.
കേരള സര്‍വ്വകലാശാലയിലെ 15 സെനറ്റംഗങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ചാന്‍സലറായ ഗവര്‍ണര്‍ കോടതി നിര്‍ദേശ പ്രകാരം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സെനറ്റംഗങ്ങളെ പുറത്താക്കാന്‍ ചാന്‍സര്‍ക്ക് അധികാരമുണ്ടെന്നും പതിനഞ്ച് സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി അംഗീകരിക്കാത്തത് നിയമ വിരുദ്ധമാണെന്നും സത്യവാങ്‌മൂലത്തില്‍ വിശദീകരിച്ചിരുന്നു.

ഇത് പരിഗണിക്കവെയാണ് ചാന്‍സലര്‍ക്കെതിരെ കോടതി പരാമര്‍ശമുണ്ടായത്. സെനറ്റംഗങ്ങളെ പുറത്താക്കാന്‍ കാരണമെന്തെന്ന് കോടതി ആരാഞ്ഞു. തന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാൽ എന്നായിരുന്നു ചാന്‍സലറുടെ മറുപടി. എന്നാല്‍ വ്യക്തിപരമായ തൃപ്തിയല്ല നോക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീത്ത വിളിച്ചാല്‍ പ്രീതി നഷ്ടപ്പെടില്ല. വ്യക്തിപമായ പ്രീതിയല്ല, നിയമപരമായ പ്രീതിയാണ് ഭരണഘടന അനുശാസിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
ആരെങ്കിലും ബോധപൂര്‍വം നിയമം ലംഘിച്ചോ എന്നാണ് ഗവര്‍ണര്‍ നോക്കേണ്ടത്. ഗവര്‍ണറുടെ അപ്രീതി ഉണ്ടാകുന്നത് നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. വിദ്യാര്‍ഥികളെ വിഷമിപ്പിക്കരുത്. യൂണിവേഴ്‌സിറ്റിക്ക് ആര് നേതൃത്വം കൊടുക്കുന്നു എന്നത് കോടതിക്ക് പ്രശ്നമല്ല. വിവാദ നാടകം കോടതി പരിഗണിക്കുന്നില്ല. വിദ്യാര്‍ഥികളുടെ ഭാവി മാത്രമാണ് പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഹര്‍ജി ബുധനാഴ്‌ച വീണ്ടും പരിഗണിക്കാനായി മാറ്റി.
