
സി.പി.ഐയെ ആഗോള ഭീകര പട്ടികയിൽ നിന്ന് ഒഴിവാക്കി. തെറ്റ് പറ്റിയതാണെന്ന വിശദീകരണവുമായി റിപ്പോർട്ട് പുറത്തുവിട്ട സംഘടന രംഗത്തെത്തി. ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ് ആൻഡ് പീസ് എന്ന സംഘടന തയ്യാറാക്കിയ 202ലെ ആഗോള ഭീകരപാർട്ടികളുടെ പട്ടികയിൽ പന്ത്രണ്ടാമതായി സി.പി.ഐ ഇടം പിടിച്ചിരുന്നു.
അൽഖ്വയ്ദയും പാകിസ്ഥാനിലെ ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയും വരെ സി.പി.ഐയ്ക്ക് താഴെയായാണ് പട്ടികയിൽ ഇടംപിടിച്ചത്. സംഭവം വലിയ വാർത്തയായിരുന്നു. എന്നാൽ സി.പി.ഐ മാവോയിസ്റ്റിന് പകരം സി.പി.ഐ എന്ന് പഠന റിപ്പോർട്ടിൽ എഴുതിയതാണ് പ്രശ്‌നമായത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയിലെ സി.പി.ഐക്കാർ അമ്പരന്നു.

സി.പി.ഐയുടെ എതിരാളികൾ ഈ റിപ്പോർട്ട് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്നാണ് സി.പി.ഐ ഐ.ഇ.പിയ്ക്ക് പരാതി അയച്ചത്. തെറ്റായ റിപ്പോർട്ട് ഉടൻ പിൻവലിച്ചില്ലായെങ്കിൽ നിയമപരവും രാഷ്ട്രീയവുമായി നേരിടും എന്ന് നേതാക്കൾ അറിയിച്ചു. സത്യത്തെ അൽപ്പമെങ്കിലും മാനിക്കുന്നവർ ഇവരുടെ ഗവേഷണം കണ്ട് ചിരിക്കുമെന്നായിരുന്നു സി.പി.ഐ നേതാവും എം.പിയുമായ ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം.
സി.പി.ഐയുടെ പ്രതിഷേധത്തെ തുടർന്നാണ് സംഘടന നടപടി സ്വീകരിച്ചത്. പറ്റിയ തെറ്റ് ഉടൻ തന്നെ ഐ.ഇ.പി തിരുത്തി. മാവോയിസ്റ്റ് എന്ന വാക്ക് കൂട്ടിച്ചേർക്കാത്തതിനാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെ തെറ്റായി വിവരിച്ചു. ശ്രദ്ധയിൽപ്പെട്ടയുടൻ ഉടനടി നടപടിയെടുക്കുകയും തിരുത്തുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന തലക്കെട്ട് കൃത്യമായി പ്രതിഫലിപ്പിക്കുന്ന തരത്തിൽ പുതുക്കിയ പട്ടികയോടുകൂടിയ പുതിയ ലിങ്ക് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും ഐ.ഇ.പി പ്രതിനിധി വ്യക്തമാക്കി.
